ന്യൂഡൽഹി: അനുയായിയെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം. ഗുര്‍മീതിന്റെ മാനേജര്‍ രഞ്ജിത്ത് സിംഗിന്റെ കൊലപ്പെടുത്തിയ കേസിലാണ് പാഞ്ച്കുല പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ഗുര്‍മീതിനൊപ്പം നാല് പേര്‍ക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് റാം റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
2002ലാണ് റാം റഹീമിന്റെ അനുയായിയായ രഞ്ജിത്ത് സിംഗ് വെടിയേറ്റ് മരിക്കുന്നത്. കേസിൽ റഹീമിന് പുറമേ ജസ്ബീർ, സബ്ദിൽ, അവതാർ, കൃഷന്‍ലാല്‍, ഇന്ദര്‍സെന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഗുർമീതിന് 31 ലക്ഷം രൂപയും മറ്റു പ്രതികൾക്ക് 50,000 രൂപയും പിഴയും വിധിച്ചു.
തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് വിധിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്.
2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകൻ ഛത്രപതിക്കെതിരെ ഗുർമീത് വെടിയുതിർത്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഛത്രപതിയെ ഗുർമീത് വെടിവച്ചത്.
സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2003ൽ മരണത്തിന് കീഴടങ്ങി. തുടർന്ന് ആ വർഷം സംഭവത്തിൽ കേസ് എടുക്കുകയും 2006ൽ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.