പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത
തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ ചെങ്ങലായി. ചെങ്ങലായി എന്നത് ദേശപ്പേരാണ്. തറവാട്ടുപേരും കൂടി ചേർന്നതാണ് എടക്കളത്തൂർ ചെങ്ങലായി. ചെങ്ങലായി പാവു പണി കഴിപ്പിച്ച നൂറ് വർഷം പഴക്കമുള്ള തറവാടാണ് ഇത്. ഇരുനിലയും മച്ചോടും കൂടിയ വലിയ നിർമിതിയാണിത്.
തറവാടിന്റെ കാഴ്ചയിലേക്ക്
വെട്ടുകല്ലും കുമ്മായവും ഉപയോഗിച്ചാണ് ഈ തറവാടിന്റെ നിർമിതി. മുൻവശം മാത്രമാണ് തേച്ചു ചായം പൂശിയിരിക്കുന്നത്. മുകൾ നിലയിലെ ഇരുവശവും പുറകു വശവും തേച്ചുമിനുക്കാത്ത രീതിയിലാണ്. വെട്ടുകല്ലിന്റെ മനോഹാരിത ഇവിടെ കാണുവാൻ സാധിക്കും. മുകൾ നിലയിലെ മൂന്നു മുറികളിൽ ഒന്നിൽ അകത്ത് ഓവറയും ഓവും ഉണ്ട്. കരിങ്കല്ലിന്റെ ഓവ് പുറംഭാഗത്തു നിന്ന് കാണാനാവും. എടക്കളത്തൂർ പാവുവിന്റെ മകൻ പൈലപ്പനും ഭാര്യ മതിലകം ഓലപ്പുറം എലിസബത്തും അവരുടെ പത്തു മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്…
എടക്കളത്തൂർ ചെങ്ങലായി തറവാട്ടിലെ ഓരോ മുറിയും ഇന്ന് ക്ലാസ് മുറികളാണ്. റൂഫസ് മാസ്റ്ററും ഭാര്യ സൈന ടീച്ചറും നിരവധി കുട്ടികൾക്ക് ഇവിടെ ട്യൂഷൻ എടുക്കുന്നു. മുല്ലശ്ശേരിയിലെ പാരമ്പര്യമുള്ള ക്രിസ്ത്യൻ തറവാടുകളിൽ എടക്കളത്തൂർ ചെങ്ങലായി തറവാട് ഇന്നും പ്രശോഭിച്ചു നിൽക്കുന്നു
.