ധ്രുവപ്രദേശങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന വര്ണദീപ്തിയായ നോര്‍ത്തേണ്‍ ലൈറ്റ്സിന് ലോകമെമ്പാടും ആരാധകരുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍, പ്രകാശത്തിന്റെ ഈ മായികനൃത്തം എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. ഇത്തരത്തില്‍ ഒരു അദ്ഭുതക്കാഴ്ച ഇന്ത്യയിലുമുണ്ട്, ഒരുപാട് നിറങ്ങളിലുള്ള പ്രകാശമൊന്നും കാണാനാവില്ല. എന്നാല്‍, നല്ല ഇരുട്ടുള്ള രാത്രിയില്‍ ഏതെങ്കിലും സ്ഥലത്ത് ചുമ്മാ പ്രകാശം തെളിഞ്ഞു വന്നാല്‍ എങ്ങനെയിരിക്കും! അങ്ങനെയൊരു പ്രതിഭാസമാണ് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ബന്നി പുല്‍മേടുകളില്‍ കാണുന്ന ചീര് ബട്ടി.
കച്ച്-സിന്ധി ഭാഷയില്‍ ‘ചീര് ബട്ടി’ എന്നാല്‍ ‘പ്രേത വെളിച്ചം’ എന്നാണർഥം. ഇരുണ്ട രാത്രികളിൽ ഈ പ്രദേശങ്ങളില്‍ മെര്‍ക്കുറി ലാംപ് കത്തിച്ചു വച്ചതുപോലെ പെട്ടെന്ന് പ്രകാശം പ്രത്യക്ഷപ്പെടും. പിന്നീടത് നീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലേക്കു മാറും. നിറങ്ങള്‍ മാറുന്ന ഒരു തീഗോളം പോലെയാണ് ഈ കാഴ്ച കാണാനാവുക.
ഈ അദ്ഭുത പ്രകാശം നൂറ്റാണ്ടുകളായി ബന്നി പുൽമേടുകളിലും തൊട്ടടുത്തുള്ള റാൻ ഓഫ് കച്ചിലുമുള്ള ആളുകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് ഈ പ്രദേശത്തെ നാടോടിക്കഥകളില്‍ കാണാം. ഈ വെളിച്ചം ഇടയ്ക്കിടെ മിന്നി മറയുന്നതായും തങ്ങനെ പിന്തുടരുന്നതായും ഒക്കെ അവകാശപ്പെട്ട ആളുകള്‍ ഇതിനെ ഒരു പ്രകൃത്യതീത ശക്തിയായി കണ്ടു.
ഇരുണ്ട, നിലാവില്ലാത്ത രാത്രികളിൽ രാത്രി 8 മണിക്ക് ശേഷം മാത്രമേ പ്രകാശം കാണാനാകൂ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലത്തുനിന്നു രണ്ട് മുതൽ 10 വരെ അടി ഉയരത്തിലാണ് ഇവ പ്രത്യക്ഷപ്പെടുക. ഇവ കണ്ട് പേടിച്ചോടുന്ന ആളുകള്‍ പലപ്പോഴും ചുറ്റുമുള്ള വനപ്രദേശങ്ങളിലോ റാന്‍ ഓഫ് കച്ചിലെ ഉപ്പുനിലങ്ങളിലോ ചെന്നെത്തി, വഴിതെറ്റി തിരിച്ചു പോകാനാവാതെ കുടുങ്ങിപ്പോകുന്നു. യുഎസില്‍ നിന്നെത്തിയ പക്ഷിശാസ്ത്രജ്ഞരുടെ ഒരു സംഘവും റാന്‍ ഓഫ് കച്ച് അതിർത്തി പ്രദേശത്ത് പട്രോളിങ് നടത്തുന്ന ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) സൈനികരും ഈ വെളിച്ചം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായ വിശദീകരണമുണ്ട്. ഈ പ്രദേശത്തെ ഫോസ്ഫൈൻ, ഡിഫോസ്ഫെയ്ൻ, മീഥെയ്ൻ എന്നിവയുടെ ഓക്സിഡേഷൻ മൂലമാണ് ഇത്തരത്തിലുള്ള തീഗോളങ്ങള്‍ ഉണ്ടാകുന്നത് എന്ന് പറയപ്പെടുന്നു. ജൈവക്ഷയത്താൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ സംയുക്തങ്ങൾ ഫോട്ടോണുകളെ പുറത്തേക്ക് വിടുന്നു. ഫോസ്ഫൈൻ, ഡിഫോസ്ഫെയ്ൻ മിശ്രിതങ്ങൾ വായുവിലെ ഓക്സിജനുമായി പ്രതിപ്രവര്‍ത്തിച്ച് പെട്ടെന്ന് കത്തുന്നു. കൂടുതൽ സമൃദ്ധമായ മീഥെയ്നും പെട്ടെന്നുതന്നെ കത്തുന്നു. ബന്നിയിലെ ചതുപ്പുനിലങ്ങളില്‍ നിന്നുയരുന്ന ഇത്തരം ഗ്യാസുകള്‍ ആണ് ഈ അദ്ഭുത വെളിച്ചത്തിന് പിന്നില്‍ എന്നാണ് വിശദീകരണം.
ഈ പ്രതിഭാസത്തിന് പിന്നിലെ സിദ്ധാന്തങ്ങളും വിശദീകരണങ്ങളും എന്തുതന്നെയായാലും, ഇരുട്ടില്‍ ഒരു തീഗോളം താനേ ഒഴുകി നീങ്ങുന്നതു കാണുന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരു സർറിയൽ അനുഭവമായിരിക്കും.