ആക്രി സാധനം വാങ്ങി നിരത്തി ഒപ്പം പോലീസേമാൻമാരെ നിർത്തി പടമെടുപ്പിച്ചാൽ പുരാവസ്തു മ്യൂസിയം എന്നു പേരെടുക്കാം. അതാണു കേരളം. എന്നാലോ, കേരളത്തിന് ഏറ്റവുമധികം താൽപര്യമുള്ള ഒരു സാധനത്തെപ്പറ്റി, ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരു മ്യൂസിയം തുറന്നിരിക്കുകയാണ് ഗോവയിൽ. നന്ദൻ കുച്ചദ്കർ എന്ന ബിസിനസുകാരൻ. വടക്കൻ ഗോവയിലെ കണ്ടോലിം ബീച്ച് ഗ്രാമത്തിൽ ഈയിടെ തുറന്ന ‘ഓൾ എബൗട് ആൽക്കഹോൾ’ എന്ന മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല, അവരുടെ മനസ്സിൽ കുടിയേറുകയും ചെയ്യുന്നു
ഗോവയുടെ തനതു മദ്യമായ ഫെനിയുടെ ചരിത്രവും പൈതൃകവും വാറ്റ് രീതികളുമൊക്കെ ലോകമെങ്ങും എത്തിക്കുകയാണ് മദ്യമ്യൂസിയത്തിലൂടെ നന്ദൻ ലക്ഷ്യമിടുന്നത്. ലോകത്തെവിടെയും ഇങ്ങനെയൊരു സമഗ്ര മദ്യ മ്യൂസിയം ഇല്ലെന്നാണ് നന്ദന്റെ വിശ്വാസം. പക്ഷേ വികസിത രാജ്യങ്ങളിലെല്ലാം അതതിടത്തെ തനതുമദ്യത്തെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്താൻ സംവിധാനങ്ങളുണ്ട്. സ്കോട്ലൻഡിലായാലും റഷ്യയിലായാലും അവരുടെ ഡ്രിങ്ക്സ് നമ്മെ പരിചയപ്പെടുത്താൻ അവർക്ക് ആവേശമാണ്. എന്നാൽ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്. നമ്മൾ മദ്യത്തെ എന്തോ പാപമായാണു കാണുന്നത്. അതുകൊണ്ടാണ്, ഓൾ എബൗട് ആൽക്കഹോൾ എന്ന പേരിൽ ഞാൻ ഈ സംരംഭം തുടങ്ങിയത്– നന്ദൻ പറയുന്നു
ശുവണ്ടിയിൽനിന്നുണ്ടാക്കുന്ന ഫെനിയാണ് ഗോവയിലെ ഏറ്റവും പ്രമുഖ മദ്യം. ഇത് പ്രകൃതിദത്തമായി ഫെർമന്റ് ചെയ്യുന്നതാണ്. ഗോവക്കാർ ആതിഥ്യമര്യാദയുടെ ഭാഗമായി ഈ മദ്യം വിളമ്പുന്നവരുമാണ്. അതുകൊണ്ടാണ് ഫെനി ഞങ്ങളുടെ മ്യൂസിയത്തിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നത്– മ്യൂസിയം സിഇഒ അർമാൻഡോ ഡ്യുവാർട്ടെ പറയുന്നു. 2016 മുതൽ ഗോവയുടെ അംഗീകൃത ‘ഹെറിറ്റേജ് ഡ്രിങ്ക്’ ആണ് ഫെനി.
കാലങ്ങൾ പഴക്കമുള്ള മദ്യക്കുപ്പികളും മറ്റു പാത്രങ്ങളും ഫെനി നിർമാണത്തിനുള്ള സംവിധാനങ്ങളുമൊക്കെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 16–ാം നൂറ്റാണ്ടു മുതലുള്ള വാറ്റ് പാത്രങ്ങളും അളവു പാത്രങ്ങളുമൊക്കെയുണ്ട്. ഇവയുടെ സമ്പൂർണ വിവരങ്ങളും ലഭ്യമാണ്ഞാ
13,000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയത്തിൽ 5 പ്രദർശനഹാളുകളാണുളളത്. ഒരു വർഷത്തെ പഠനത്തിനുശേഷമാണ് മ്യൂസിയം ക്രമീകരിച്ചത്. മദ്യത്തെപ്പോലെതന്നെ മദ്യം കഴിക്കാനുള്ള ഗ്ലാസുകളെയും പഠനവിഷയമാക്കി. എങ്ങനെയാണു മദ്യം കഴിക്കേണ്ടതെന്നും മ്യൂസിയം പ്രദർശന വസ്തുക്കളിലൂടെ പഠിപ്പിക്കുന്നു. നേരത്തേ മുതൽ ഇത്തരം വസ്തുക്കളുടെ ശേഖരണം നന്ദന്റെ ശീലമായിരുന്നു. പനജിയിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ മാത്രം അകലെയാണ് മ്യൂസിയം. വൈകിട്ട് 3 മുതൽ 9 വരെയാണു പ്രവേശനം