നാഗാർജുന-അമല ദമ്പതികളുടെ മകൻ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഏജന്റി’ൽ മെഗാസ്റ്റാർ മമ്മൂട്ടിയും. ഇരുവരും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് . വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.
ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ആദ്യഘട്ടചിത്രീകരണത്തിന് ഹൈദരാബാദിൽ തുടക്കമായി . മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുൽ ഹെരിയൻ. എഡിറ്റിങ് നവീൻ നൂലി.