കണ്ണൂർ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജില്ലയിൽ അങ്ങിങ്ങ് നാശനഷ്ടം. കൃഷിമേഖലയിലാണു വലിയ നഷ്ടം സംഭവിച്ചത്. കൊയ്യാറായ പാടത്തു വെള്ളം കയറിയതും വിത്ത് ഒഴുകിപ്പോയതുമുൾപ്പെടെ കർഷകർക്കു വലിയ നഷ്ടമുണ്ടായി. കനത്തമഴയിൽ ജില്ലയിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു.
ദുരിതമൊഴിയാതെ പാടശേഖരങ്ങൾ
കല്യാശ്ശേരി പഞ്ചായത്തിൽ കനത്ത മഴയിൽ ഹെക്ടർ കണക്കിനു നെൽക്കൃഷി നശിച്ചു. പാറക്കടവ്, കല്യാശേരി സെൻട്രൽ, ചെക്കിക്കുണ്ട് എന്നിവിടങ്ങളിലെ 30 ഏക്കർ വയലിൽ കൊയ്യാൻ പാകമായ നെല്ല് വെള്ളത്തിനടിയിലായി. വിളവെടുക്കാറായ ഒന്നാംവിള മുഴുവൻ പേമാരി നശിപ്പിച്ചതിനു പിന്നാലെ രണ്ടാംവിളയ്ക്കായി തയാറാക്കിയ ഞാറ്റടിയിൽ വിതച്ച വിത്തും മഴയിൽ ഒഴുകിപ്പോയതു ചെറുതാഴത്തെ കർഷകരുടെ ദുരിതം ഇരട്ടിയാക്കി.
രണ്ടു ദിവസം തെളിഞ്ഞ കാലാവസ്ഥ കണ്ടാണ് അതിയടം, ശ്രീസ്ഥ, പെരിയാട്ട് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ ഞാറ്റടി തയാറാക്കി വിത്തിട്ടത്. എന്നാൽ ശനിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ മുഴുവൻ വിത്തുകളും വെള്ളത്തിൽ ഒഴുകിപ്പോയി. വിവിധ പാടശേഖരങ്ങൾക്കായി തയാറാക്കിയ നൂറേക്കറിലേറെ ഞാറ്റടികൾ നശിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിച്ച ജൈവവളവും മഴയിൽ നശിച്ചു.
അതിയടം സ്വയം സഹായ സംഘത്തിന്റെ 20 ഏക്കറിലേക്കുള്ള ഞാറ്റടികൾ നശിച്ചു. അത്യുൽപാദന ശേഷിയുള്ള പൗർണമി വിത്താണ് ഒഴുകിപ്പോയത്. ഐവി ലക്ഷ്മണൻ, പി.തമ്പാൻ, പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവരുടെ വിത്തുകൾ പൂർണമായും ഒഴുകിപ്പോയി. ദുരിതം വിതച്ച പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ, കൃഷി ഓഫിസർ പി.നാരായണൻ, അസിസ്റ്റന്റ് കൃഷി ഓഫിസർ എം.കെ.സുരേഷ് എന്നിവർ സന്ദർശിച്ചു. വിത്തു ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പലയിടങ്ങളിലും മണ്ണിടിച്ചിൽ, വീടുകൾക്കും നാശം
ചെറുവഞ്ചേരിക്കടുത്ത് കണ്ണവം കോളനിയിൽ ടി.വസന്തയുടെ ഇരുനില വീടിന്റെ മേൽക്കൂര കനത്ത മഴയിൽ തകർന്നു. മൂന്നരലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. അപകട സമയത്തു വീട്ടുകാർ പുറത്തായിരുന്നതിനാൽ ആളപായമില്ല. മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടി ബോട്ട് കടവ് ഭാഗത്ത് കരയിടിഞ്ഞു. 6 മീറ്ററോളം വീതിയിൽ മരങ്ങൾ ഉൾപ്പെടെ പുഴയിലേക്കു പതിച്ചു. മുല്ലക്കൊടി ആയാർ മുനമ്പ് തീരദേശ റോഡിനു വേണ്ടി ഏറ്റെടുത്ത സ്ഥലമാണു പുഴയെടുത്തത്.
പി.പി.രാമുണ്ണിയുടെയും കെ.വി.മാധവിയുടെ വീടിനോടു ചേർന്ന സ്ഥലമാണു പുഴയിലേക്കു പതിച്ചത്. ഉറവ രൂപംകൊണ്ടതോടെ പരിസരപ്രദേശങ്ങളിലും അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ആലക്കോട് പഞ്ചായത്തിൽ പച്ചാണിയിൽ കടക്കുഴി വർഗീസിന്റെ വീടിനു പിന്നിലേക്കു മൺതിട്ട ഇടിഞ്ഞുവീണു. 50,000 രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. തലമുണ്ട– അയ്യപ്പൻമല റോഡ് മഴയിൽ തകർന്നു. തലമുണ്ട കനാലിനു സമീപം ഹാറൂണിന്റെ വീടിന്റെ മതിലും തകർന്നിട്ടുണ്ട്. പ്രദേശത്തെ റോഡിനു വിള്ളലുണ്ടായി.
ചാമ്പാട് അങ്കണവാടിക്കു സമീപം പിലാക്കണ്ടി ലീലയുടെ വീടിനു പിന്നിൽ ഗർത്തം രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. മുതുക്കോത്ത് ഒറയിൽ വി.കെ.കുഞ്ഞിക്കണ്ണൻ, സുരേശൻ, നാത്തൻ റോസമ്മ എന്നിവരുടെ വീടിന്റെ മതിൽ തകർന്നു. വലിയന്നൂര്‍ രാഘവൻ പീടികയ്ക്കു സമീപം മേനോൻ പറമ്പിൽ കൊല്ലറോത്ത് ലീല, കെ.വി.ആരിഫ, എൽ.കെ.സുഫൈജ എന്നിവരുടെയും വീടിനോടു ചേർന്ന മതിൽ തകർന്നു. കീഴല്ലൂർ പിഎച്ച്സിക്കു സമീപം പുതിയപുരയിൽ അനിതയുടെ വീട് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
തലശ്ശേരി താലൂക്കിലെ തൃപ്പങ്ങോട്ടൂർ വില്ലേജിലെ നരിക്കോട്ടുമലയിൽ പാറക്കല്ല് ഭീഷണിയായി നിൽക്കുന്ന നരിക്കോട്ട് മല സ്കൂളിനു സമീപം താമസിക്കുന്ന മൂന്ന് കുടുംബങ്ങളെയും തൃപ്പങ്ങോട്ടൂർ, കൂടാളി വില്ലേജുകളിലെ 9 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കു മാറ്റി പാർപ്പിച്ചു. കണ്ണൂർ താലൂക്കിൽ 2 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തളിപ്പറമ്പ് താലൂക്കിൽ മൊറാഴ, കുറ്റ്യേരി പരിയാരം വില്ലേജുകളിലെ വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആന്തൂർ വില്ലേജിലെ 4 വീടുകളുടെ സംരക്ഷണ മതിൽ തകർന്നു. പയ്യന്നൂർ താലൂക്കിലും വീട്ടുമതിൽ ഇടിഞ്ഞു വീടിന് കേടുപാടുകൾ സംഭവിച്ചു
തളിപ്പറമ്പിൽ വെള്ളപ്പൊക്കം
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പേമാരിയിൽ തളിപ്പറമ്പിലെയും പരിസരങ്ങളിലെയും വ്യാപാര മേഖലയ്ക്കു വലിയ നഷ്ടം. ഇരുപതോളം കടകളില്‍ രാത്രിയിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി. മുക്കോലയിൽ 3 വീടുകളിലും വെള്ളം കയറി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികൾ പറയുന്നു.
ചിറവക്ക്– കപ്പാലം ഭാഗത്ത് സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നടത്തിയ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണു കടകളിൽ വെള്ളം കയറാൻ ഇടയാക്കിയതെന്നു വ്യാപാരികൾ ആരോപിച്ചു. ആടിക്കുംപാറയിൽ മതിൽ ഇടിഞ്ഞു വീണു വീടിന് സമീപം നിർത്തിയിട്ട കാർ തകർന്നു