മൂവാറ്റുപുഴ∙ ഒറ്റയ്ക്കൊരാൾക്ക് എത്ര ദൂരം യാത്ര ചെയ്യാനാകും; കയ്യിൽ നയാപൈസയില്ലാതെ, ആരോടും സഹായം ചോദിക്കാതെ, കാൽനടയായി? ചോദ്യം രോഹൻ അഗർവാളിനാടാണെങ്കിൽ ഉത്തരം ലളിതമാണ്. ചുറ്റുമുള്ളവരെ കളങ്കമില്ലാതെ വിശ്വസിക്കാൻ പഠിച്ചാൽ, ക്ഷമ ശീലമാക്കിയാൽ, സ്നേഹത്തിനു വിലയിടാതിരുന്നാൽ ഉറപ്പായും ആഗ്രഹിക്കുന്ന ദൂരങ്ങൾ താണ്ടാം, യാത്രകൾ ആസ്വദിക്കാം, കാഴ്ചകളുടെ മായാലോകം സ്വന്തമാക്കാം, അളവറ്റ സൗഹൃദങ്ങൾ നേടാം.
സൈബീരിയയിലെ തണുപ്പ് ലക്ഷ്യമിട്ട് നാഗ്പുരിൽനിന്ന് ആരംഭിച്ച ദേശാടനം 400 ദിനങ്ങൾ പിന്നിട്ടപ്പോൾ രോഹൻ മൂവാറ്റുപുഴയിലും എത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 നാണ് രോഹൻ അഗർവാൾ ഒരു ബാഗിൽ കൊള്ളുന്ന വസ്ത്രങ്ങളുമായി യാത്ര ആരംഭിച്ചത്. ഇതിനോടകം കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങളിലായി ആയിരത്തോളം നഗരങ്ങളിൽ രോഹൻ അഗർവാൾ എത്തി. അവിടെയെല്ലാം സൗഹൃദങ്ങൾ സ്ഥാപിച്ചു. നൂറുകണക്കിനു കുടുംബങ്ങളിൽ അതിഥിയായി. ഇതിനിടയിൽ ചായക്കടയിൽ പാത്രങ്ങൾ കഴുകുന്ന ജോലി മുതൽ കാവൽക്കാരന്റെ ജോലി വരെ ചെയ്തു. ഒരിക്കൽ 3 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നതും വസ്ത്രങ്ങൾ നിറച്ച ബാഗ് മോഷ്ടിക്കപ്പെട്ടതുമല്ലാതെ 400 ദിനങ്ങൾ പിന്നിട്ട യാത്രകളിൽ നല്ല അനുഭവങ്ങളായിരുന്നു രോഹന് കൂടുതൽ.
ദേശാടനം
നാഗ്പുരിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് രോഹന്. കൃഷിയും പലചരക്കു കടയുമായി ഉപജീവനം നടത്തുന്ന രമേശ്, സീമ ദമ്പതികളുടെ മൂത്തമകന്. സഞ്ചാരത്തോടുള്ള അഭിനിവേശം മൂലം ബികോം പഠനം ആരംഭഘട്ടത്തില്‍ത്തന്നെ അവസാനിപ്പിച്ചു. ചെറുപ്പം മുതല്‍ സ്വപ്നം കാണുന്ന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കണമെന്നാണ് രോഹന്റെ ആഗ്രഹം. അങ്ങനെയാണ് രോഹന് നാടു ചുറ്റാനിറങ്ങിയത്. വിദ്യാർഥികൾ പഠനകാലത്ത് ദേശാടനം നടത്തണമെന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ രോഹൻ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം തന്നെയാണ് ഒറ്റയാൻ യാത്രയ്ക്കു പ്രേരിപ്പിച്ചതും. ചെല്ലുന്നിടം വീടും കാണുന്നവരൊക്കെ രോഹന്റെ ആതിഥേയരുമാണ്. ഒരു സ്ഥലത്തെത്തിയാൽ അവിടെയുള്ള സഞ്ചാരപ്രിയരുടെ കൂടെയാകും താമസവും ഭക്ഷണവും. പിന്നെ അടുത്ത സ്ഥലത്തേക്കുള്ള യാത്ര ആരംഭിക്കും. വഴിയില്‍ വരുന്ന വാഹനങ്ങള്‍ക്കു കൈ കാണിക്കും. കുറച്ചു ദൂരം വാഹനത്തിൽ സഞ്ചരിക്കും. പിന്നെ കാൽനടയാത്ര. കൂടുതലും നടന്നാണ് യാത്രകൾ. യാത്രയിൽ ഭക്ഷണം, പാർപ്പിടം ഉൾപ്പെടെ മറ്റൊന്നും ആരോടും ചോദിക്കരുത് എന്നും ഉറപ്പിച്ചിരുന്നു. ആരെങ്കിലും ഭക്ഷണവും പാർപ്പിടവും നൽകിയാൽ നിരസിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. 50 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. എന്നാലും ക്ഷീണം ഉണ്ടാകാറില്ല. കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടതുള്ളതിനാലാണ് വാഹനങ്ങളിൽ ആരെങ്കിലും സൗകര്യം നൽകിയാൽ കുറച്ചു ദൂരം മാത്രം അവർക്കൊപ്പം സഞ്ചരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും പഠിക്കുക, ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം വിശാലമാക്കുക, പ്രായോഗിക ജീവിത നൈപുണ്യം നേടുക എന്നിവയാണ് യാത്രയുടെ ഉദ്ദേശ്യം.
പഠനം
യാത്രയ്ക്കിടെ രോഹൻ ബിരുദ പഠനം തുടരുന്നുണ്ട്. യാത്രയിലെ ഏറ്റവും പ്രചോദനാത്മകമായ കാര്യവും ഇതു തന്നെയാണ്. ‘ഒരേസമയം പഠിക്കുന്നതും യാത്ര ചെയ്യുന്നതും എളുപ്പമല്ല, പക്ഷേ അത് സാധ്യമാണ്’ – രോഹൻ പറയുന്നു. രോഹൻ ഇപ്പോൾ ജിഎസ് കോളജ് ഓഫ് കൊമേഴ്സിൽ രണ്ടാം വർഷ ബികോം പഠിക്കുകയാണ്. ഭാവിയിൽ, രാജസ്ഥാനിലെ തന്റെ പൂർവിക പട്ടണത്തിൽ പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കുകയാണ് രോഹന്റെ ആഗ്രഹം.