ചെന്നൈ: തമിഴ്‍നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി ശശികല ജയ സമാധിയില്‍ എത്തി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ശശികല സമാധിയിൽ എത്തിയത്. അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല സന്ദർശന ശേഷം പറഞ്ഞു. അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്.
അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്തു. പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ലകാലമെന്ന് അവകാശപ്പെട്ട ശശികല രാഷ്ട്രീയ തിരിച്ചുവരവുണ്ടാകുമെന്നും വ്യക്തമാക്കി.
അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുൻപ് വന്നതിന് ശേഷം പിന്നീട് ഇപ്പോഴാണ് അവർ ജയ സമരാകത്തില്‍ വീണ്ടുമെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് ഭിന്നത രൂക്ഷമാണ്. പനീര്‍സെല്‍വം പക്ഷവുമായി കൂടിക്കാഴ്ചയ്ക്ക് ശശികല നീക്കം നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പതാകയുമായാണ് പ്രവര്‍ത്തകര്‍ മറീനയിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്നുമാണ് അനുയായികളുടെ അവകാശവാദം. അണ്ണാഡിഎംകെ ആസ്ഥാനത്ത് അടക്കം സുരക്ഷ വര്‍ധിപ്പിച്ചു.