ടി-20 ലോകകപ്പിന് നാളെ തുടക്കം. ഒമാനും പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ നാളെ നടക്കുന്ന യോഗ്യതാ മത്സരത്തോടെ ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാവും. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം. നാളെത്തന്നെ രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ട്‌ലൻഡിനെ നേരിടും. ഇരു മത്സരങ്ങളും ഗ്രൂപ്പ് ബിയിലാണ്.
സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.