കാസർകോട് ∙ ദേശീയപതാകയുടെ ത്രിവർണത്തിൽ ദീപാലങ്കാര പ്രഭ ചൊരിഞ്ഞ് ബേക്കൽ കോട്ട. ആസാദി കാ അമൃത് വർഷ പരിപാടിയുടെയും കോവിഡ് വാക്സിനേഷൻ 100 കോടി എത്തിയതിന്റെയും ഭാഗമായിട്ടാണ് സാംസ്കാരിക വകുപ്പിന്റെയും പുരാവസ്തു ഗവേഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ബേക്കൽകോട്ടയിൽ ദീപാലങ്കാരം നടത്തിയത്.
രാജ്യത്തെ 100 ചരിത്ര പൈതൃക സ്മാരകങ്ങളിൽ ആണ് പരിപാടിയുടെ ഭാഗമായി ദേശീയ പതാകയുടെ ത്രിവർണത്തിൽ ദീപാലങ്കാര കാഴ്ച ഒരുക്കുന്നത്.
കോട്ടയുടെ ചുറ്റിലുമായി 2300 മീറ്റർ നീളത്തിലും കോട്ടയുടെ മുൻ ഭാഗത്ത് 160 മീറ്റർ വീതിയിലുമാണ് എൽഇഡി മിനിയേച്ചർ അടക്കമുള്ള ഒരു ലക്ഷത്തിലേറെ ബൾബുകൾ പ്രകാശം പരത്തുന്നത്. പുരാവസ്തു ഗവേഷണ വിഭാഗം സൂപ്രണ്ട് കെ. മൂർത്തേശ്വരി, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തുടങ്ങിയവർ കോട്ടയിൽ എത്തിയിരുന്നു.
കോട്ടയ്ക്കകത്തേക്ക് ഈ സമയത്ത് പ്രവേശനമില്ല
കോട്ടയുടെ ദീപ പ്രഭ കാണാൻ പുറത്തു നൂറു കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. കോട്ടയിലേക്ക് ആർക്കും പ്രവേശം അനുവദിച്ചിരുന്നില്ല.
ഇന്നലെ രാത്രി 7 മുതൽ 9 വരെയായിരുന്നു ദീപ കാഴ്ച. ഇന്നും ഇതേ സമയത്ത് തന്നെ ദീപാലങ്കാരം ആസ്വദിക്കാം. നാളെ രാത്രി 7 മുതൽ 11 വരെ കോട്ട ദീപാലങ്കാരത്തിലാവും. ആർക്കും കോട്ടയിലേക്കു പ്രവേശം അനുവദിക്കില്ലെന്നു അധികൃതർ പറഞ്ഞു.