മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ രാജ്യാന്തര കാർഗോ സംവിധാനത്തിന് തുടക്കം കുറിക്കുമ്പോൾ പ്രതീക്ഷകളും വാനോളം ഉയരുന്നു. രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷമാണു വിമാനത്താവളത്തിൽ രാജ്യാന്തര കാർഗോ സംവിധാനം യാഥാർഥ്യമാകുന്നത്. ഇതോടെ ഉത്തര മലബാറിലെ വാണിജ്യ, വ്യവസായ, കൃഷി മേഖലകൾക്കു പുതിയ ഉണർവ് പകരും.
2019ലാണു വിമാനത്താവളത്തിലെ ഫയർ സ്റ്റേഷനു സമീപം കാർഗോ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 2020 ജൂണിൽ പഴം, പച്ചക്കറി കയറ്റുമതിക്കു കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. ആനിമൽ ക്വാറന്റീൻ, പ്ലാന്റ് ക്വാറന്റീൻ സൗകര്യവും കാർഗോ കെട്ടിടത്തിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാർഗോ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചത്. 1200 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കാർഗോ കോംപ്ലക്സാണ് സജ്ജമാക്കിയിട്ടുള്ളത്.
നിലവിൽ യാത്രാ വിമാനങ്ങളിലാണു ചരക്കു നീക്കം നടത്തുക. 3, 4 ടൺ ചരക്ക് ഓരോ വിമാനങ്ങൾക്കും കൊണ്ടു പോകാൻ കഴിയും. വിന്റർ ഷെഡ്യൂളിൽ പ്രതിവാരം 45 രാജ്യാന്തര സർവീസുകളാണ് ഉള്ളത്. പ്രതിമാസം ശരാശരി 540–720 ടൺ ചരക്ക് നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷ.