തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ഗ്രൂപ്പുകള്‍. അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്നും മൂന്ന് പേര് ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ ബന്ധപ്പെട്ടാല്‍ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍.
വര്‍ക്കിങ് പ്രസിഡന്റുമാരും അതൃപ്തിയിലാണ്. പുനസംഘടനയെപ്പറ്റി അറിയില്ലെന്ന നിലപാടിലാണ് അവരും. പട്ടിക പുറത്തുവരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നെന്നാണ് ഗ്രൂപ്പുകളുടെ പരാതി.
അതേസമയം പുനസംഘടനയിലെ അതൃപ്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ സി വേണുഗോപാല്‍, കെ സുധാകരന്, വിഡി സതീശന് എന്നിവര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് ഇരുവിഭാഗത്തിൻ്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയില്‍ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു.
പട്ടിക നല്കിയ ശേഷം രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും അതിനപ്പുറത്തേക്ക് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പട്ടിക അന്തിമമാക്കിയ ശേഷം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിച്ച ശേഷമെ പട്ടിക കൈമാറുകയുള്ളു എന്ന് അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായ നിലപാട് സ്വീകരിച്ചതെന്നും ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.