കാറ്റു വിളിക്കുന്നു..മേഘങ്ങൾ വിളിക്കുന്നു… മലനിരകൾ വിളിക്കുന്നു….പോവാതിരിക്കാനാവില്ല. അത്തരമൊരു നിമിഷത്തിലാണ് ഏതു യാത്രയും തുടങ്ങുക. ഒന്നും നേടാനല്ലാതെയുള്ള, ഒന്നും വെട്ടിപ്പിടിക്കാനല്ലാതെയുള്ള ഓരോ യാത്രയുമാണ് ഉള്ളു തണുപ്പിക്കുന്ന അനുഭൂതികൾ നൽകുക. അത്തരമൊരു നിമിഷത്തിലാണ് ‘വനപർവ’മെന്ന ലക്ഷ്യം മാടിവിളിച്ചത്
ഇത്ര കാവ്യാത്മകമായ പേരുള്ള ഒരു സ്ഥലമെന്നതാണ് വനപർവം നൽകുന്ന ആദ്യകൗതുകം. ഇതിഹാസകാവ്യങ്ങളെ വിവിധ പർവങ്ങളായി തിരിച്ചാണ് കഥ പറയാറുള്ളത്. വനപർവമെന്നത് കാടിന്റെ മടിത്തട്ടിൽ പ്രകൃതിയെ തൊട്ടറിയാനുള്ള ഒരു കാവ്യപർവമാണ്.
∙ യാത്ര തുടങ്ങുന്നു
രാവിലെ കോഴിക്കോട്ടുനിന്ന് ബംഗളൂരു ദേശീയപാതയിലൂടെ യാത്ര തുടങ്ങുമ്പോൾ വഴികൾ കുളികഴിഞ്ഞ് ഉണക്കാനിട്ടൊരു നീണ്ട വസ്ത്രം പോലെ കിടക്കുകയാണ്. രാത്രി പെയ്ത മഴയിൽ നനഞ്ഞുകുളിച്ച റോഡ് വെയിലേറ്റുണങ്ങുന്നേയുള്ളൂ.
താമരശ്ശേരി പിന്നിട്ട് മുന്നോട്ടുയാത്ര ചെയ്യുമ്പോൾ ഈങ്ങാപ്പുഴ അങ്ങാടിയിലേക്ക് എത്തിച്ചേരും. പുഴയ്ക്കു കുറുകെയുള്ള വീതി കുറഞ്ഞ പാലം കയറിയിറങ്ങി ബസ് സ്റ്റാൻഡ് പിന്നിടുമ്പോൾ ഇടത്തോട്ട് ഒരു കൊച്ചുറോഡുണ്ട്. വീതി കുറഞ്ഞ റോഡ്. തിരക്കേറിയ അങ്ങാടിയായതിനാൽ റോഡിലേക്കു തിരിയാൻ അൽപം ബുദ്ധിമുട്ടേണ്ടി വന്നു.
വീതികുറഞ്ഞ റോഡിലൂടെ മുന്നോട്ടുനീങ്ങുംതോറും കെട്ടിടങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. വീടുകൾ…മരങ്ങൾ.. തീറ്റപ്പുല്ലു തഴച്ചുവളരുന്ന പറമ്പുകൾ. അകലെയായി ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുന്ന മലനിരകൾ.
ഒരു സാധാരണ നാട്ടിൻപുറം. വീടുകൾക്കിടയിലൂടെ ചെന്നെത്തുന്നത് വനംവകുപ്പിന്റെ പച്ചയുംചുവപ്പുംകലർന്ന ‘വനപർവ’മെന്ന ബോർഡിനു സമീപത്തേക്കാണ്. നാലഞ്ചുവീടുകൾക്കിടയിൽ ഒരൽപം ഇടം. ശരാശരി അഞ്ചു കാറുകൾക്കു നിർത്തിയിടാവുന്ന സ്ഥലം മാത്രം. എന്നാൽ വണ്ടിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ പുഴയൊഴുകുന്ന ശബ്ദം കേൾക്കാം.
∙ ഇത് കാടിന്റെ ആദ്യ അധ്യായം
പച്ചനിറമടിച്ച ഗെയിറ്റ് കടന്ന് ചെല്ലുന്നത് പാലത്തിലേക്കാണ്. ഇരുമ്പു കൈവഴികളും പച്ചനിറത്തിലാണ്. കാടിനുനടുവിലൂടെ, പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചുവരുന്ന ഒരു ചെറിയ അരുവി.
പാലം കടന്ന് ചെല്ലുമ്പോൾ ഇടതുവശത്തായി ടിക്കറ്റ് കൗണ്ടറുണ്ട്. ഒരാൾക്ക് മുപ്പതു രൂപയാണ് നിരക്ക്.ടിക്കറ്റെടുത്ത് അകത്തേക്കു കയറുമ്പോൾ നേരെ മുൻപിൽ കൃത്രിമായുണ്ടാക്കിയ പാറക്കെട്ടിനുമുകളിൽ വനപർവം എന്ന പേര് കാണാം.
വനപർവം ഒരു ജൈവവൈവിധ്യ പാർക്കാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് പത്തുവർഷത്തിലേറെയായെങ്കിലും അധികം ആളുകൾ അറിഞ്ഞെത്താറില്ല എന്നതിനാൽ ഇതുവരെ കാര്യമായി മലിനമാവാത്ത ഒരു തുണ്ടു പ്രകൃതി !
അകത്തേക്ക് കടക്കുമ്പോഴേക്ക് വഴികാട്ടാനും കഥ പറയാനുമായി വനംവകുപ്പിന്റെവാച്ചർ വർഗീസ് ഓടിയെത്തി. തൊട്ടടുത്ത വീട്ടിലെ താമസക്കാരനാണ് വർഗീസ്. മുപ്പതുവർഷത്തോളമായി ദിവസക്കൂലിക്ക് വനംവകുപ്പിൽ വാച്ചറായി ജോലി ചെയ്യുകയാണ് വർഗീസ്. ഒരിക്കൽ വനംവകുപ്പ് ജൈവവൈവിധ്യ പാർക്ക് തുടങ്ങുന്ന കാര്യം ചർച്ച ചെയ്തപ്പോൾ ഇങ്ങനൊരു സ്ഥലമുണ്ടെന്ന ആശയം മേലുദ്യോഗസ്ഥർക്കു മുന്നിൽവച്ചത് താനാണെന്ന് വർഗീസ് പറഞ്ഞു. താമരശ്ശേരി റെയ്ഞ്ചിലെ കാട്ടിലെ ഓരോ ചെടിയും ഇലയും മനപ്പാഠമാണ് വർഗീസിന്. വർഗീസാണ് മുന്നോട്ടുള്ള വഴികാട്ടി. 2011ലാണ് ഈ കാട്ടിൽ വനംവകുപ്പ് ഒരുജൈവഉദ്യാനം തുറന്നത്. അന്നുമുതൽ വർഗീസ് ഇവിടെയുണ്ട്
∙ ഈ കാഴ്ചയിൽ എന്തിരിക്കുന്നു?
രിങ്കല്ലു പാകിയ വഴികളിലൂടെ നടന്നു തുടങ്ങുമ്പോൾ സാധാരണ പാർക്കുകളിലേതുപോലെ പലതരം ഔഷധച്ചെടികളും പൂച്ചെടികളും ഓർക്കിഡുകളുമൊക്കെയുണ്ട്. യാത്ര വെറുതെയായോ എന്നൊരു ആശങ്ക ഉള്ളിൽ തോന്നിത്തുടങ്ങിയെന്നത് സത്യം. തൊട്ടപ്പുറത്ത് ഓർക്കിഡുകൾക്കായി ഒരുക്കിയ ഗ്രീൻഹൗസിൽ ഒരൊറ്റ ഓർക്കിഡുപോലുമില്ല. മഴ കാരണം എല്ലാംപോയി എന്നു പറഞ്ഞാണ് വർഗീസ് അകത്തേക്ക് കൂട്ടിയത്.
പക്ഷേ ഇടതുവശത്ത് ഒരുകൂട്ടം ചെടികൾ നിരന്നിരിക്കുന്നുണ്ട്. ‘എവിടെയോ കണ്ട് നല്ല മുഖപരിചയം’ എന്ന് മനസിൽ പറയുമ്പോഴേക്ക് വർഗീസ് വിവരിക്കാൻ തുടങ്ങി.
പ്രാണികളെ പിടിച്ചുതിന്നുന്ന മാംസഭോജികളായ ചെടികളാണിവ. ഇലകൾക്കിടയിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന സഞ്ചിപോലുള്ള പച്ച ഭാഗം. അവയ്ക്കുമുകളിൽ ഒരു കുഞ്ഞ് പച്ച ഇലയടപ്പ്.
പ്രാണികൾ വന്ന് സഞ്ചിയിൽവീണാൽ പിന്നെ പുറംലോകം കാണില്ല. ആവശ്യത്തിനു പ്രാണികൾ ചത്തടിഞ്ഞുകഴിഞ്ഞാൽ സഞ്ചിയിൽകിടന്നു ദ്രവിക്കും. പിന്നെ ഇലകൾവഴി അതിന്റെ സത്ത ചെടികളിലേക്ക് എത്തുമത്രേ. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്. കക്ഷിയെ പണ്ട് ഒൻപതാംക്ലാസിലെ ബോട്ടണി പാഠപുസ്തകത്തിലാണ് കണ്ടത്.
വീണ്ടും മുന്നോട്ടു നടക്കുമ്പോൾ ഇടതുവശത്തായി മഞ്ഞയും കറുപ്പും നിറമുള്ള ടൈഗർച്ചിലന്തി വമ്പൻ വല നെയ്യുകയാണ്. ഒരു കടി കിട്ടിയാൽ വിവരമറിയും
∙ പാത്തിപ്പാറയ്ക്കു കീഴെ
കക്ഷത്തിലൊരു കുടയും പിടിച്ച് ലുങ്കിയും മടക്കിക്കുത്തി വർഗീസേട്ടൻ മുന്നിൽ നടക്കുന്നുണ്ട്. പച്ച നിറമടിച്ച വീതികുറഞ്ഞൊരുപാലത്തിലേക്കാണ് കടന്നത്. നേരത്തെ കണ്ട അരുവി ഈ പാലത്തിനുകീഴെക്കൂടെയാണ് ഒഴുകിവന്നത്. ഇടത്തോട്ടുനോക്കിയപ്പോൾ പതഞ്ഞുപതഞ്ഞുവരുന്ന വെള്ളമാണ് കണ്ടത്. വെള്ളത്തിന്റെ കുത്തൊഴുക്കിന്റെ ഇരമ്പലുമുണ്ട്. പാലമിറങ്ങി ഇടത്തോട്ടുള്ള പാറക്കെട്ടിലൂടെനടന്നുകയറി. മുന്നിൽ പ്രത്യക്ഷപ്പെട്ടത് വീതിയേറിയൊരു വെള്ളച്ചാട്ടമാണ്.
തീരെ ഉയരമില്ല. അണക്കെട്ടുപോലെ പരന്നുകിടക്കുന്ന പാറ. അതിനുമുകളിലൂടെ കുതിച്ചുചാടുന്ന വെള്ളം. ഇതാണത്രേ ‘പാത്തിപ്പാറ’ വെള്ളച്ചാട്ടം. തണുത്ത വെള്ളം. ഉരുളൻകല്ലുകൾ. തിരികെ പാലത്തിലേക്ക് നടക്കുന്നതിനിടയ്ക്ക് കാലിൽ ഒരു അട്ട കടിച്ചുകയറിയത് അറിഞ്ഞില്ല. വീണ്ടും മുന്നോട്ടു നടക്കുമ്പോളഅ ഇടതുവശത്തായി ഒരു കുഞ്ഞ് കൈത്തോട് വരുന്നുണ്ട്. കാട്ടിൽനിന്ന് ഉറവയെടുത്തുവരുന്ന വെള്ളമാണ്. ഈ ഉറവയിൽനിന്നാണ് വീട്ടിലേക്കുള്ള വെള്ളമെടുക്കുന്നതെന്ന് വർഗീസേട്ടൻ ചെറുചിരിയോടെ പറഞ്ഞു.
∙ കാട്ടുക്കുറിഞ്ഞി പൂവും ചൂടി..
വീണ്ടും മുന്നോട്ടു നടക്കുമ്പോൾ ശലഭോദ്യാനമെന്ന ബോർഡു കണ്ടു. സാധാരണ ഇത്തരം സ്ഥലങ്ങളിൽ ബോർഡുമാത്രമേ കാണാറുള്ളു. ശലഭങ്ങളെ കാണാൻ തപസ്സിരിക്കണം. പക്ഷേ ഇത്തവണ ശരിക്കും ഞെട്ടി. പല തരത്തിലും പല നിറത്തിലുമുള്ള പൂമ്പാറ്റകൾ പറന്നുനടക്കുന്നുണ്ട്. മണ്ണിൽ മുട്ടയിട്ടുവിരിയിക്കുന്ന ശലഭങ്ങൾ ഇവിടെ ഏറെയുണ്ടെന്ന് വർഗീസേട്ടൻ പറഞ്ഞു. ഈ പ്രദേശത്തു മുന്നൂറിലധികം ഇനം പൂമ്പാറ്റകളുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ടത്രേ.
കല്ലുപാകിയ വഴിയിൽ ഒരു കയറ്റം തുടങ്ങുകയാണ്. ചുറ്റും കാട് തലയുയർത്തി നിൽക്കുന്നു. പാത്തിപ്പാറ വെള്ളച്ചാട്ടത്തിനുമുകളിലേക്കു പുഴയുടെ ഒഴുക്കിന്റെ എതിർദിശയിലാണ് നടപ്പ്. കയറ്റം കൂടിക്കൂടി വരികയാണ്.
വഴിയരികിൽ കുനിഞ്ഞിരുന്ന് വർഗീസേട്ടൻ ഒരു പൂവ് കാണിച്ചു. ഈ പൂവേതാണെന്ന് അറിയാമോ എന്നായി ചോദ്യം. തെച്ചിയുംതുളസിയും കണ്ടാൽ തിരിച്ചറിയാത്ത നമ്മളോടോ ബാലാ! ഉത്തരം ഒരു പാട്ടായി വർഗീസേട്ടൻ പാടി. ‘കാട്ടുക്കുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്..!
കവികൾ ഈ കാടായ കാടൊക്കെ കയറി ഇറങ്ങിയാവണം പാട്ടെഴുതിയിട്ടുണ്ടാവുക എന്നാണ് വർഗീസേട്ടൻ കരുതുന്നത്. തൊട്ടപ്പുറത്തെ മരം ചൂണ്ടിക്കാണിച്ച ശേഷം വീണ്ടുംപറഞ്ഞു. ‘ഈ മരവും പാട്ടിലൂടെ പ്രശസ്തമല്ലേ… ഏഴിലംപാലപൂത്തൂ…!!’’
∙ കറുത്തൊരു മുയൽ !
അങ്ങനെ പാട്ടുപാടിയും പറഞ്ഞുമായി, മുന്നോട്ടുള്ള നടപ്പ് ഒരു കിലോമീറ്ററോളം ഇപ്പോൾത്തന്നെ നടന്നിട്ടുണ്ട്. വീതികുറഞ്ഞ കല്ലുപാകിയ വഴിക്കിരുവശവും കാടാണ്. പാറക്കെട്ടുകളുണ്ട്. ചെങ്കുത്തായ ഇടതുവശത്ത് താഴെയായി പുഴ ചാടിത്തുള്ളി ഇറക്കമിറങ്ങിപോവുന്നതു കാണാം. നടന്നു നടന്നു ചെല്ലുമ്പോൾ വീതിയേറിയൊരു പാറയുടെ ചെരുവിലേക്കാണ് എത്തുന്നത്. തുടരെ മഴ പെയ്തതു കാരണം പച്ചപ്പായൽ കട്ടിയായി നിൽപ്പുണ്ട്. പാറയിൽ ചവിട്ടിയാൽ നേരെ താഴെ ചെല്ലാം. നടവഴി ഇവിടെ വരെമാത്രമേയുള്ളു. തൊട്ടുമുന്നിലതാ മറ്റൊരു വെള്ളച്ചാട്ടം.
കുട്ടിത്തം വിട്ടുമാറാത്ത വെള്ളച്ചാട്ടമാണ്. പുഴ പിറന്നുവീണിട്ട് ആധികദൂരമായിട്ടില്ല. ശൈശവം വിട്ടിട്ടുണ്ട്, എന്നാൽ കൗമാരമെത്തിയിട്ടില്ല. ആ പ്രായത്തിലുള്ള പുഴ. വെള്ളച്ചാട്ടത്തെ രണ്ടായി പകുത്തുമുറിച്ചുകൊണ്ട് വമ്പനൊരു കരിമ്പാറ നടുക്കിരിപ്പുണ്ട്. ഒറ്റനോട്ടത്തിൽ കറുത്തൊരു ഭീമൻമുയൽ പുഴയ്ക്കു നടുവിലിരിക്കുകയാണെന്നു തോന്നും. ഈ വെള്ളച്ചാട്ടത്തിനു വിളിപ്പേര് ‘മുയൽപ്പാറ വെള്ളച്ചാട്ട’മെന്നാണ്.
∙ മരണം മണക്കുന്ന താഴ്വരകൾ
അകലെ മലനിരയിലേക്ക് ചൂണ്ടിക്കാണിച്ച് വർഗീസേട്ടൻ പറഞ്ഞു.. ആ മലയ്ക്കപ്പുറം കക്കയം ഡാം ആണ്. എതിർവശത്തേക്കുള്ള കാട് പശ്ചമിഘട്ടമാണ്. സുഗന്ധഗിരിക്കാടുകൾ. അങ്ങുമലമുകളിൽ വയനാടൻ പീഠഭൂമിയാണ്.
മലമുകളിൽ മഴപെയ്താൽ ഏതു നിമിഷവും വെള്ളം കുത്തിയൊലിച്ചെത്താം. താഴെ വെയിലായിരിക്കാം. പാറക്കെട്ടിൽ വെള്ളച്ചാട്ടത്തിൽ വെയിലുകണ്ട് കുളിക്കാനിറങ്ങിയവർ അപകടത്തിൽപെട്ടേക്കാം.
വെള്ളത്തിലിറങ്ങരുതേ എന്ന് താൻ പലതവണ പറഞ്ഞ് മുകളിലേക്ക് കയറ്റിവിട്ട പലരും അനുസരണയില്ലാതെ വെള്ളത്തിലിറങ്ങും. തന്നോട് സംസാരിച്ച് മല കയറിയ പലരെയും അഗ്നിരക്ഷാസേനക്കാർ ജീവനില്ലാത്ത ശരീരമായി താഴേക്ക് എടുത്തുകൊണ്ടുവരുന്നത് നോക്കിനിൽക്കേണ്ടിവരാറുണ്ടെന്നും വർഗീസേട്ടൻ പറഞ്ഞു.
ഇനി ജീവിതപർവം…
തിരികെ മലയിറങ്ങുകയാണ്. ഈ വനപർവം അവസാനിക്കുകയാണ്.ഇനി നഗരകാന്താര സീമകൾ പിന്നിട്ട് ജീവിതത്തിരക്കുകളിലേക്ക് മടക്കയാത്ര. എല്ലാം പിന്നിലുപേക്ഷിച്ച് നിസ്വനായി കാടുകയറാൻ നമ്മളാരും സന്യാസികളല്ലല്ലോ. എങ്കിലും ഈ വനപർവം ഒരിത്തിരി പച്ചപ്പ് മനസിന്റെ ഏതോ കോണിൽ പടർത്തിയിട്ടുണ്ട്.
ഈ തണുപ്പ് ഹൃദയത്തിൽനിന്ന് ഒഴിയുന്നതിനുമുൻപ് ‘ട്രിപ്പ് കാലിക്കോ’ അടുത്തയാഴ്ച വീണ്ടുമൊരു യാത്രപോവും