ചെന്നൈ: തമിഴ്നാട് മസിനഗുഡിയില്‍ നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി. 21 ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കര്‍ണാടക, കേരളം, തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് കടുവയെ കണ്ടെത്തിയത്. നാലുപേരെ കൊന്ന കടുവ ആഴ്ചകളോളമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്.
കടുവയെ പിടികൂടാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞദിവസം രാത്രി നീലഗിരിയില്‍ വച്ച് കടുവയെ മയക്കു വെടിവെച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കാടുകയറിയതിനെ തുടര്‍ന്ന് പിടികൂടാന്‍ സാധിച്ചില്ല. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മയക്കുവെടി വച്ച് കടുവയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.കടുവ കട്ടിൽ കയറി രക്ഷപെടുകയായിരുന്നു. പിന്നീട് സംയുക്ത പരിശോധനയിലാണ് ടി 23 എന്ന് പേരിട്ട 13 വയസുള്ള ആണ്‍കടുവയെ പിടികൂടുന്നത്.
നാലുമനുഷ്യരെയും 30 ല്‍ അധികം കന്നുകാലികളെയുമാണ് കടുവ കൊന്ന് തന്നത്. ഒരു കൊല്ലം മുന്‍പ് ഗൗരി,ജൂലൈ 21 ന് കുറുമലി ഗ്രാമത്തിലെ കുഞ്ഞിക്കൃഷ്ണന് ,സെപ്റ്റംബര്‍ 24 ന് ദേവര്‍ഷോലയിലെ ചന്ദ്രന് ഈമാസം ആദ്യം മസിനഗുഡിയിലെ മങ്കള ബസവന എന്നിവരാണ് കടുവക്കിരയായത്. തുടര്‍ന്ന് കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു.
പക്ഷേ മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും ദിവസങ്ങള്‍. ഇന്നലെ രാത്രി പത്തുമണിയോടെ തൊപ്പക്കാട് റോഡില്‍ വച്ചു മയക്കുവെടിവച്ചങ്കിലും കടുവ മുതുമല കടുവ സംരക്ഷണകേന്ദ്രത്തിൻ്റെ ഭാഗമായുള്ള ഉള്‍കാട്ടിലേക്കു കടന്നു. പിന്നീട് ഉച്ചയോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.