ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിൻ്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്‍കിയ ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പുതിയ കമ്പനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്താനാണ് ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്പാനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്.
പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതിക വിദ്യയില്‍ ആയിരിക്കണം പ്രതിരോധ ഗവേഷണത്തിൻ്റെ ശ്രദ്ധ. അതിനായി ഗവേഷകര്‍ക്ക് അവസരം നല്‍കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പുതിയ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. പ്രതിരോധ രംഗത്ത് മുന്‍പ് ഒരിക്കലും ഇല്ലാത്ത സുതാര്യതയും വിശ്വാസവും ഇന്ന് ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.