നീലഗിരി: തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. കാട്ടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാത്രി 10 മണിയോടെ രണ്ടു തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. നാട്ടിലിറങ്ങി നാലുപേരെ കൊന്ന റ്റി 23 എന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. തെപ്പക്കാട് ഭാഗത്ത് കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി.
വെടിയേറ്റാൽ സാധാരണഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടുംകാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.