കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം രണ്ടായി. ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. നർ ഖാസ് വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. രജൗറി-പൂഞ്ച് ദേശീയപാതയിൽ ഗതാഗതം താത്കാലികമായി നിർത്തി വച്ചു.
പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയ ഭീകരർക്കായി നർ ഖാസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനേയും ജവാനേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭീകരർക്കായി വനമേഖലയിൽ തിരച്ചിൽ ശക്തമാക്കിയതായും ഉന്നത സൈനിക വൃത്തങ്ങൾ വൃക്തമാക്കി.