തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിയെത്തുടർന്നു തകർന്നടിഞ്ഞ കേരളത്തിന്റെ വിനോദസഞ്ചാരമേഖല തിരിച്ചു വരവിന്റെ പാതയിൽ. നവരാത്രി അവധി പ്രമാണിച്ച് കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികൾ എത്തിത്തുടങ്ങി. ഹൈറേഞ്ചിൽ ഉൾപ്പെടെയുള്ള റിസോർട്ടുകളിൽ അവധി ദിവസങ്ങളിൽ മുറികൾ കിട്ടാനില്ല. കോവിഡിനെ അതിജീവിക്കാനൊരുങ്ങുന്ന ടൂറിസം മേഖലയ്ക്ക് ശുഭസൂചനയാണ് ഈ തിരക്ക്.
യാത്രികർ മലയാളികൾ
നവരാത്രി അവധിക്കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കേരളത്തിൽ കൂടുതൽ എത്തിയിരുന്നതെങ്കിൽ ഇത്തവണ ചെറിയൊരു മാറ്റമുണ്ട്. യാത്രികരിൽ കൂടുതലും മലയാളികളാണ്. ഏറെക്കാലമായി വീടിനകത്ത് അടച്ചു കഴിഞ്ഞവർ കുടുംബസമേതം പുറത്തിറങ്ങിത്തുടങ്ങി. 2 ഡോസ് വാക്സീനും എടുത്തവരാണ് അതിഥികളിൽ ഭൂരിഭാഗം പേരുമെന്ന് ടൂറിസം സംരംഭകർ പറയുന്നു.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കായി കർശനമായ മാർഗനിർദേശങ്ങളാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പാക്കുന്നത്. തിരക്ക് കൂടിയെങ്കിലും നിരക്കിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. റിസോർട്ടുകളിലും ഹോട്ടലുകളിലും തിരക്കിനിടെ താമസിക്കാൻ മടിക്കുന്നവർ പകൽ യാത്രകൾ നടത്തി മടങ്ങുകയാണ്. ടെന്റുകൾ പോലുള്ളവയുടെ സുരക്ഷിതത്വം തേടുന്നവരുടെ എണ്ണവും കൂടി.
വിദേശികളും വരുന്നു
നിയന്ത്രണങ്ങൾ ഒട്ടേറെയുണ്ടെങ്കിലും കേരളത്തിലെ ആയുർവേദ ചികിത്സയിൽ ആശ്വാസം തേടി വിദേശീയരും എത്തിത്തുടങ്ങി. റഷ്യ, ഉക്രൈൻ, ഫ്രാൻസ്, ഇറ്റലി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 40 പേർ കഴിഞ്ഞ ഒരു മാസത്തിനിടെ എത്തിയതായി കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിദേശികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ അനുകൂലം
മഴയും മഞ്ഞും തണുപ്പുമൊക്കെയാണ് ഹൈറേഞ്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ മിക്ക ദിവസവും ൈഹറേഞ്ചിൽ നല്ല മഴ ലഭിച്ചു. ഇതോടെ തണുപ്പു കൂടി. ഈയാഴ്ചയിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീവ്രമഴ പെയ്താൽ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന ആശങ്കയും ടൂറിസം സംരംഭകർക്കുണ്ട്. ബീച്ചുകളിലും കായലോരങ്ങളിലും പുരവഞ്ചികളിലും തിരക്കേറി വരുന്നുണ്ട്.
തുടക്കം നന്നായി
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കേരളത്തിലെ പ്രധാന ടൂറിസം സീസൺ. ഒക്ടോബർ തുടക്കത്തിൽ തന്നെ സഞ്ചാരികളുടെ തിരക്കു തുടങ്ങിയത് നല്ല സൂചനയായാണ് ടൂറിസം വിദഗ്ധർ വിലയിരുത്തുന്നത്. കോവിഡ് വ്യാപനം ദിവസേനയെന്നോണം കുറഞ്ഞു വരുന്നതും കേരളം 100% വാക്സിനേഷനിലേക്ക് അടുക്കുന്നതും കൂടുതൽ പേരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
ആശങ്ക രോഗികളുടെ എണ്ണം
സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് ബാധിതരുടെയും പ്രതിദിനമരണങ്ങളുടെയും കണക്കുകൾ ഉത്തരേന്ത്യൻ സഞ്ചാരികളെ പിന്തിരിപ്പിക്കുന്നുവെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണങ്ങളുമുണ്ടാകുന്നത് കേരളത്തിലായതിനാൽ ഇവിടം സുരക്ഷിതമല്ലെന്ന തോന്നൽ പലർക്കുമുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്കേറുന്നത് ടൂറിസം സാധാരണ നിലയിലായെന്ന ബോധവൽക്കരണത്തിന് ഉപയോഗിക്കാനാകുമെന്നും ഇതോടെ കൂടുതൽ പേരെ കേരളത്തിലെത്തിക്കാനാകുമെന്നും ടൂർ ഏജൻസികൾ കരുതുന്നു.
അതിജീവനം കഠിനം
വളരെപ്പെട്ടെന്ന് കേരള ടൂറിസത്തിന് പഴയ പ്രതാപത്തിലെത്താനാകില്ല. കഴിഞ്ഞ വർഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 71.36 ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് 72.86 ശതമാനവും കുറവാണ് ഉണ്ടായത്. വരുമാന നഷ്ടം 33,681.73 കോടി.
ടൂറിസം മേഖലയിൽ വിദേശനാണ്യ വരുമാനം 2019 ൽ 10,271.06 കോടി രൂപയായിരുന്നു. 2020 ൽ ഇതു 2799.85 കോടിയായി. 2019 ൽ ടൂറിസം മേഖലയുടെ ആകെ വരുമാനം 45,019.69 കോടി ആയിരുന്നത് 2020 ൽ 11,335.96 കോടിയായാണു കുറഞ്ഞത്.
ടൂറിസം സംരംഭകരായ പലരും കടക്കെണിയിലായി. മുന്നൂറോളം ഹോട്ടലുകളും റിസോർട്ടുകളും വിൽക്കാനുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന 20 ലക്ഷത്തോളം പേർ തൊഴിൽ രഹിതരായി. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ കരുത്തായിരുന്ന വിദഗ്ധരായ ജീവനക്കാർ പലരും മറ്റു തൊഴിലുകൾ തേടിപ്പോയി. അറ്റകുറ്റപ്പണി പോലും നടത്താനാകാതെ ടൂറിസം കേന്ദ്രങ്ങൾ നശിച്ചു തുടങ്ങി. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഇവയൊക്കെ മുഖം മിനുക്കുകയാണ്.
ടൂറിസം മേഖലയിലുള്ളവർക്ക് വായ്പ ലഭിക്കാനുള്ള തടസ്സങ്ങൾ ഇപ്പോഴും തുടരുന്നു. ബാങ്കുകൾ വായ്പ നൽകാൻ തയാറാകുന്നില്ലെന്ന പരാതിയുമായി സംരംഭകർ സർക്കാരിനെ സമീപിച്ചതിനെത്തുടർന്ന് സർക്കാർ ഇടപെട്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. ജീവനക്കാർക്ക് 10000 രൂപ ഈടില്ലാതെ നൽകാൻ റിവോൾവിങ് ഫണ്ട് ഇനത്തിൽ 10 കോടി രൂപ ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്.
തിരിച്ചുവരാം, മനസ്സു വയ്ക്കണം
പ്രതിസന്ധികളെ തരണം ചെയ്ത അനുഭവപരിചയം കേരളത്തിലെ ടൂറിസം സംരംഭകർക്കുണ്ട്. ലോകത്തിലെ മറ്റെങ്ങുമില്ലാത്ത സഞ്ചാരാനുഭവമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. വിദേശത്തേയും മറ്റു സംസ്ഥാനങ്ങളിലെയും സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രഫഷനൽ ആയ നീക്കങ്ങളാണ് സംരംഭകർ സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത്. വിദേശത്ത് മാർക്കറ്റിങ് ഉടൻ പുനരാരംഭിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ശ്രീലങ്കയും മാലദ്വീപും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിദേശസഞ്ചാരികളെ ക്ഷണിക്കാൻ ലോകം മുഴുവൻ പ്രചാരണം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ചടുലമായ നീക്കം വേണം. കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന കേരള ട്രാവൽ മാർട്ട് അധികം വൈകാതെ നടത്തണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ നടത്തി കേരളം സഞ്ചാരികൾക്ക് സുരക്ഷിതമായ സന്ദേശം കൈമാറണമെന്നും സംരംഭകർ ആവശ്യപ്പെടുന്നു.
പി.എ.മുഹമ്മദ് റിയാസ്
മന്ത്രി, ടൂറിസം വകുപ്പ്
ടൂറിസം മേഖല കോവിഡ് പ്രതിസന്ധികളെ ഉടൻ മറികടക്കും. അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. കാരവൻ ടൂറിസം ഉൾപ്പെടെ ഒട്ടേറെ പുതിയ സംരംഭങ്ങൾക്ക് കേരളം തുടക്കമിട്ടു. സാധാരണക്കാരെ ഗുണഭോക്താക്കളാക്കിക്കൊണ്ടുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ ടൂറിസത്തെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു ടൂറിസം പദ്ധതിയെങ്കിലും വികസിപ്പിക്കും