ആലത്തൂർ ∙ കേരളത്തിലെയും തമിഴ്നാട്ടിലെയും മോഷണങ്ങളിലൂടെ കുപ്രസിദ്ധരായ കുറുവ സംഘത്തിലെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ശിവഗംഗ തിരുപ്പുവനം വണ്ടാനഗറിൽ മാരിമുത്തു (അയ്യാർ എട്ട്– 50 ), കോഴിക്കോട് തലക്കുളത്തൂർ എടക്കര അന്നശ്ശേരി വേട്ടോട്ടുകുന്നിൻമേൽ പാണ്ഡ്യൻ (തങ്കപാണ്ടി – 47), തഞ്ചാവൂർ ഭൂതല്ലൂർ അഖിലാണ്ഡേശ്വരി നഗറിൽ പാണ്ഡ്യൻ (ശെൽവി പാണ്ഡ്യൻ – 40) എന്നിവരെയാണു പിടികൂടിയത്.
മാരിമുത്തുവിനെയും പാണ്ഡ്യനെയും ആനമലയിൽ നിന്നും തങ്കപാണ്ഡ്യനെ കോഴിക്കോട്ടു നിന്നുമാണു പിടികൂടിയത്. വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം, ചെറുതുരുത്തി, കോഴിക്കോട് മേഖലകളിലാണ് ഈയിടെയായി ഇവർ മോഷണം നടത്തിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു. വടക്കഞ്ചേരി പള്ളിക്കാട്ട് വീട്ടിൽക്കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിലെ മൂന്നരപ്പവന്റെ മാല കവർന്ന കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണു നിർണായകമായത്.
തുടർന്നു പൊലീസിന്റെ മൂന്നു സംഘങ്ങൾ തമിഴ്നാട്ടിലെ കമ്പം, തേനി, ആനമല, മധുര, നാമക്കൽ, തഞ്ചാവൂർ പ്രദേശങ്ങളിൽ നിന്നും കോഴിക്കോട്, പേരാമ്പ്ര ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെയും ഫോൺ നമ്പറുകളുടെയും അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതികളെ വലയിലാക്കിയത്. മാരിമുത്തുവും പാണ്ഡ്യനും തമിഴ്നാട്ടിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളതാണ്. മാരിമുത്തുവിനെതിരെ മുപ്പതിലേറെ കേസുകളും പാണ്ഡ്യനെതിരെ പത്തോളം കേസുകളും തമിഴ്നാട്ടിലുണ്ട്.
ഏറെയും മാല പൊട്ടിക്കൽ കേസുകൾ
ജനുവരി 6ന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടിൽനിന്നു മാരിമുത്തുവും പാണ്ഡ്യനും വീട്ടമ്മയുടെ മാല പൊട്ടിച്ചാണ് ഇവിടത്തെ മോഷണ പരമ്പരയ്ക്കു തുടക്കം കുറിച്ചതെന്നു പൊലീസ് പറയുന്നു. 8നു ലക്കിടിയിലെ വീട്ടമ്മയുടെയും 12ന് ഒറ്റപ്പാലം ചോറൂട്ടൂരിലെ വീട്ടമ്മയുടെയും മാല മോഷ്ടിച്ചു. തുടർന്നു ചെറുതുരുത്തിയിലെ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ജൂലൈ 30നു കോഴിക്കോട്ടെത്തിയ മൂവരും ചേർന്ന് എലത്തൂരിലെ ഒരു വീട്ടിൽ വാതിൽ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷ്ടിച്ചു.
ഓഗസ്റ്റ് 4ന് ഏലത്തൂരിലെ തന്നെ മറ്റൊരു വീട്ടിലും മോഷണം നടത്തി. തുടർന്നാണ് വടക്കഞ്ചേരിയിലെത്തിയത്. ഓഗസ്റ്റ് 31ന് പള്ളിക്കാട്ടെ മോഷണത്തിനു ശേഷം ഒക്ടോബർ 2ന് വടക്കഞ്ചേരി പരുവശ്ശേരി നെല്ലിയാമ്പാടത്ത് മോഷണ ശ്രമം നടത്തി. 5നു നെന്മാറയിലും 7നു കൊല്ലങ്കോടും ഇവർ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണം കോഴിക്കോട് ബാലുശ്ശേരിക്കടുത്താണ് വിറ്റത്.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥന്റെ നിർദേശ പ്രകാരം ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യ, നെന്മാറ, വടക്കഞ്ചേരി ഇൻസ്പെക്ടർമാരായ ദീപാകുമാർ, മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. വടക്കഞ്ചേരി എസ്ഐ സുധീഷ്കുമാർ, നെന്മാറ എസ്ഐ നാരായണൻ, വടക്കഞ്ചേരി എഎസ്ഐ ബിനോയ് മാത്യു, നെന്മാറ എസ്‌സിപിഒ സജീവൻ, മാധവൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജേക്കബ്, എഎസ്ഐ റഷീദലി, സാജിത്ത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, സൈബർ സെല്ലിലെ വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മോഷണത്തിന് പ്രത്യേക രീതി
കുറുവ സംഘത്തിനു മോഷണത്തിനു പ്രത്യേക രീതിയാണ്. രാവിലെ തമിഴ്നാട്ടിൽനിന്നു പുറപ്പെട്ട് ഉച്ചയോടെ മോഷണം നടത്തേണ്ട സ്ഥലത്തെത്തും. തുടർന്ന് അവിടത്തെ സ്ഥലങ്ങളും വീടുകളും നിരീക്ഷിക്കും. മോഷണം നടത്തേണ്ട വീടിനു സമീപത്തെ പറമ്പുകളിലും കുറ്റിക്കാടുകളിലും ഒളിഞ്ഞിരുന്ന് രാത്രിയാണു മോഷണം നടത്തുക. ഉന്നമിട്ട വീടുകളിൽ നിന്നു തന്നെ ലഭിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിലുകൾ പൊളിക്കുക. മോഷ്ടിക്കാനായി വീടുകളിൽ കയറുന്ന സമയത്ത് ഇവർ ഷർട്ട് അഴിച്ച് ഇടുപ്പിൽ കെട്ടും.
അതിലാണ് ചെറിയ ആയുധങ്ങൾ കരുതുക. കൂടാതെ കല്ലും ഇവർ ആയുധമാക്കാറുണ്ട്. എതിർക്കുന്നവരെ കല്ലു കൊണ്ടു തലക്കടിക്കുന്നതും പതിവാക്കിയിരുന്നു. സംഘമായി എത്തുന്ന ഇവരിൽ ഒരാൾ വീട്ടിനുള്ളിൽ കയറും മറ്റുള്ളവർ പുറത്ത് കാവലിരിക്കും. മോഷണം നടത്തിയ ശേഷം വേർപിരിഞ്ഞ് രക്ഷപ്പെടുന്ന ഇവർ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാണ് വീണ്ടും ഒത്തുകൂടുന്നത്. മോഷണത്തിനെത്തിയാൽ ഇവർ മൊബൈലുകൾ ഉപയോഗിക്കാറില്ല. രാവിലെ വീട്ടിൽനിന്നു പുറപ്പെടുന്ന സമയത്ത് തന്നെ മൊബൈലുകൾ ഓഫ് ചെയ്തിടും. പിന്നീട് തിരിച്ച് വീട്ടിലെത്തുമ്പോഴാണ് ഓൺ ആക്കുക.