കണ്ണൂർ: മട്ടന്നൂർ മഹാദേവക്ഷേത്രം ബലമായി പിടിച്ചെടുത്ത സർക്കാർ നടപടി ക്ഷേത്ര വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അധികാരത്തിന്‍റെ ഹുങ്കിൽ പോലീസിനെ ഉപയോഗിച്ച് രാത്രിയുടെ മറവിൽ ക്ഷേത്രങ്ങൾ ഇതിനു മുമ്പും ദേവസ്വം ബലപ്രയോഗത്തിലൂടെ കയറിയിട്ടുണ്ട്. ഇത് ഇനിയും അനുവദിച്ചു കൊടുക്കാൻ സാദ്ധ്യമല്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് വിജി തമ്പി പറഞ്ഞു.
ക്ഷേത്രവിശ്വാസം തെറ്റാണ് എന്ന് കരുതുന്ന ഭരണപക്ഷപാർട്ടിയുടെ ഒപ്പം ചേർന്ന് സർക്കാർ നടത്തുന്ന നീക്കം വിശ്വാസികളുടെ അവകാശ സംരക്ഷണത്തിനല്ല എന്നത് വ്യക്തമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ അഭിപ്രായപ്പെട്ടു. ശബരമല ഉൾപ്പെടെ മഹാക്ഷേത്രങ്ങളുടെ ആചാര അനുഷ്ടാനങ്ങളെ തകർക്കാൻസർക്കാർ സംവിധാങ്ങൾ വഴിവിട്ട് ഉപയോഗിച്ച സംഭവങ്ങൾ കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല എന്നത് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഓർക്കണം. ഉടമസ്ഥാവകാശം കോടതി തീർപ്പാക്കാൻ ഇരിക്കെയാണ് ഇന അനധികൃത പിടിച്ചെടുക്കൽ.
ക്ഷേത്രം ബലമായി കൈവശം വയ്ക്കാനാണ് ബോർഡിൻ്റെയും സർക്കാറിൻ്റെയും തീരുമാനം എങ്കിൽ ശക്തമായ സമരപരിപാടികൾക്കൊപ്പം നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭക്തരുടെ കനത്ത പ്രതിഷേധത്തിനിടയില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മട്ടന്നൂര്‍ മഹാദേവക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്.