കാസർകോട് ∙ കനത്ത മഴ തുടരുന്ന ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ സ്വാഗത് ആർ.ഭണ്ഡാരി പറഞ്ഞു. മഴ ഇടവിട്ട് പെയ്യുന്നത് തുടരുകയാണ്. ശക്തി കുറഞ്ഞെങ്കിലും മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കുകൾ പ്രകാരം പിലിക്കോട് (122 മില്ലിമീറ്റർ), വെള്ളരിക്കുണ്ട്(115 മില്ലിമീറ്റർ) എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത്
സംസ്ഥാന, ദേശീയ പാതയോരങ്ങളിലുൾപ്പെടെ അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ വനംവകുപ്പ്, പൊതുമരാമത്ത് , അഗ്നിരക്ഷാ സേന വിഭാഗങ്ങൾക്കു നിർദേശം നൽകി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പു വരുത്തും. കാലതാമസമില്ലാതെ പ്രശ്‌നം പരിഹരിക്കുന്നതിന് ആർഡിഒക്കും സബ് കലക്ടർക്കും നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക സഹായം ലഭ്യമാക്കാമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ അറിയിച്ചു.
അങ്കണവാടിയുടെ മുറികൾ തകർന്നു
മലയോരത്ത് പെയ്ത കനത്ത മഴയിൽ കരിവേടകം ചുഴുപ്പ് അങ്കണവാടിയുടെ പിൻവശം പൂർണമായി തകർന്നു. തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തെ മുറ്റം കെട്ടിടിഞ്ഞ് വീണ് കരിവേടകം ചുഴുപ്പ് അങ്കണവാടിയുടെ മുറികൾ പൂർണമായി തകർന്നത്. പഞ്ചായത്ത് അംഗങ്ങളായ ജോസഫ് പാറത്തട്ടേൽ, ലിസി തോമസ്, കെ.ജെ.രാജ്യ, പ്രമോട്ടർ രാജേഷ്, സത്താർ, മോഹനൻ, സജു ചുഴുപ്പ് എന്നിവർ സ്ഥലം സന്ദർശിച്ചു.
ജാഗ്രതാ നിർദേശം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തീരദേശത്തും, മലയോര മേഖലയിലും ജാഗ്രതാ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ചന്ദ്രഗിരി, പയസ്വിനി, തേജസ്വിനി പുഴകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി’ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് നിരോധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുകയാണെങ്കിൽ മൊഗ്രാൽ പുത്തൂരിലെ അഴിമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ഇറിഗേഷൻ വകുപ്പിനും യോഗം നിർദേശം നൽകി. നിലവിൽ എല്ലാ താലൂക്കുകളിലലും ഐആർ എസ് യോഗം ഓൺലൈനിൽ അടിയന്തരമായി വിളിച്ചു ചേർക്കാനും നിർദേശം നൽകി യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ്,എഡിഎം എ.കെ.രമേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, പഞ്ചായത്ത് മുൻസിപ്പൽ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ഡപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കിളിങ്കാർ ബേരിഗയിലെ ദേവപ്പയുടെ (42)യുടെവീടിന്റെ മേൽക്കുരയാണ് ശക്തമായ മഴയിൽ കഴിഞ്ഞ രാത്രി 2ന് തകർന്നു വീണത്.വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ദേവപ്പനും ഭാര്യ ഈശ്വരി(30), മക്കൾ ശ്രേയസ്(8),യതേഷ്(4),സനേഷ്(2) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.മുറിയിലെ മച്ചിൽ ഓടും കഴുക്കോലും താങ്ങി നിന്നതിനാൽ ഇവരുടെ ദേഹത്ത് പതിക്കാത്തതാനാലാണ് ഇവർ രക്ഷപ്പെട്ടത്.ഭയന്നു പോയ ഇവർ വീട്ടിനടുത്തെ ഷെഡിലാണ് രാവിലെ വരെ കഴിഞ്ഞത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ബാസ്,പഞ്ചായത്ത് അംഗം ജയശ്രീ എന്നിവർ സ്ഥലം സന്ദർശിച്ചു.
പടുതാക്കുളം തകർന്ന് മീൻ കൃഷി നശിച്ചു
കനത്ത മഴയിൽ പടുതാക്കുളം തകർന്ന് മീൻ കൃഷി നശിച്ചു. മടിക്കൈ പഞ്ചായത്തിൽ കാലിച്ചാംപൊതി ശ്രീനിലയത്തിലെ വി.കുഞ്ഞിരാമന്റെ (55) വിളവെടുക്കാറായ അഞ്ഞൂറോളം മീനുകളാണ് നശിച്ചത്. 4 മീറ്റർ വീതിയിലും 5 മീറ്റർ നീളത്തിലും കല്ലുകെട്ടി ഷീറ്റ് വിരിച്ചൊരുക്കിയ പടുതാക്കുളത്തിലായിരുന്നു മീൻകൃഷി.
തിലോപ്പിയ ഇനത്തിൽ പെട്ട വിളവെടുക്കാറായ അഞ്ഞൂറോളം മീനുകളാണ് കുളത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ കുളത്തിൽ വെള്ളം നിറഞ്ഞുണ്ടായ തള്ളലിൽ ഒരു ഭാഗത്തെ കൽക്കെട്ടു തകർന്നാണ് വെള്ളവും മീനുകളും ഒഴുകിപ്പോയത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കുഞ്ഞിരാമൻ പറഞ്ഞു.
മലയോരത്ത് മണ്ണിടിച്ചിൽ ഭീഷണി
കനത്തമഴയിൽ മലയോരത്ത് പലയിടത്തും മണ്ണിടിച്ചൽ ഭീഷണി. ഇന്നലെ ശക്തമായ മഴയിൽ എളേരി അടുക്കളംപാടി റോഡിൽ കാർ നിയന്ത്രണംവിട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മുൻ വർഷങ്ങളിൽ ശക്തമായ മഴയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്നലെ വില്ലേജ് ഓഫിസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു ഓൺലൈനിൽ അവലോകനയോഗം വിളിച്ചുചേർത്തിരുന്നു. മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റെയും സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു തഹസിൽദാർ പി.വി.മുരളി അഭ്യർഥിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
∙കൺട്രോൾ റൂം : 04994 257700
∙മൊബൈൽ : 94466 01700
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
∙കാസർകോട് – 04994-230021/ 9447030021
∙മഞ്ചേശ്വരം – 04998-244044/ 8547618464
∙ഹോസ്ദുർഗ് – 04672-204042/ 9447494042
∙വെള്ളരിക്കുണ്ട് – 04672-242320/ 8547618470