മലപ്പുറം: ജില്ലയിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ മുന്നേറ്റം ശൈശവ വിവാഹ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് വഴിയൊരുക്കിയതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. വനിതാ ശിശു വികസന വകുപ്പും ജില്ലാപഞ്ചായത്തും ചേര്‍ന്ന് നടത്തിയ അന്താരാഷ്ട്ര ബാലികാദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര അവബോധം സൃഷ്ടിക്കാനായെങ്കിലും പലപ്പോഴും വീട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ഏതൊരുനീക്കവും കുറ്റകരമാണെന്ന വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ബാലസൗഹൃദ ജില്ലയെന്ന ലക്ഷ്യത്തിനായുള്ള ശ്രമങ്ങളില്‍ ജനപ്രതിനിധികളുള്‍പ്പടെയുള്ളവരുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും എം.കെ. റഫീഖ. പറഞ്ഞു.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പൊന്‍വാക്ക് പോസ്റ്റര്‍ എം.കെ. റഫീഖ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാറിന് കൈമാറി പ്രകാശനംചെയ്തു. സെമിനാര്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനംചെയ്തു.
ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷതവഹിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഗീതാഞ്ജലി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ.എ. ഷറഫുദ്ദീന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍റഷീദ് നാലകത്ത്, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.എം. റിംസി എന്നിവര്‍ പ്രസംഗിച്ചു.