ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിക്കും. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമപട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാല്‍ രംഗത്തെതിയത്. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.