നെടുമുടി വേണു. ഒരു വേണു നാദം പോലെ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. പകർന്നാടിയ ഓരോ വേഷങ്ങളിലും വൈവിധ്യങ്ങളുടെ നിറച്ചാർത്ത് പകർന്ന് നൽകിയ നടൻ. ഒരു മനുഷ്യയുസ്സിലെ സകല ഭാവങ്ങളും വിവിധ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തിലെ മിതത്വമായിരുന്നു മുഖമുദ്ര. അനായാസകരമായി ഏത് വേഷവും അദ്ദേഹം പകർന്നാടി. കോമഡിയും ട്രാജഡിയുമെല്ലാം അവിസ്മരണീയമാക്കി. നാടക തട്ടിൽ നിന്നും അദ്ദേഹം പഠിച്ച പാഠങ്ങൾ അദ്ദേഹത്തെ ഒരിക്കലും ആരാലും മോശം പറയപ്പിക്കാത്ത നടനാക്കി വളർത്തി.
ഒരു സിനിമാ നടൻ മാത്രമായിരുന്നില്ല നെടുമുടിക്കാരൻ വേണു. നടൻ പാട്ട്, നാടകം, കഥകളി, മൃദംഗം തുടങ്ങി കലയുടെ എല്ലാ മേഖലകളിലും അദ്ദേഹമുണ്ടായിരുന്നു. ജന്മസിദ്ധമായി കലാകാരനായിരുന്നു വേണു എന്ന് ഉറപ്പിച്ച് പറയാനാകും. കാവാലം നാരായണപണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ അദ്ദേഹത്തിന് ഈ രംഗത്തേക്കുള്ള മേൽവിലാസമെഴുത്തായി മാറി. കാവാലത്തിന്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദർശകരായിരുന്ന അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം തുടങ്ങിയവരുമായുള്ള സൗഹൃദം സിനിമകളിലേക്കുള്ള വാദി വേണുവിന് മുന്നിൽ തുറന്നിട്ടു. എസ്.ഡി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെ സഹപാഠിയായിരുന്നു ഇന്നത്ത പ്രമുഖ സംവിധായകൻ ഫാസിൽ. ആ സൗഹൃദവും ഇരുവരും ഒരുമിച്ചുള്ള സിനിമാ ലോകത്തേക്കുള്ള കാൽവെപ്പിലേക്ക് എത്തിച്ചു.
അരവിന്ദൻറെ തമ്പ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മാരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങൾ. കാവാലത്തിന്റെ നാടക ക്യാമ്പിലെ സൗഹൃദം നെടുമുടി വേണുവിന് കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാൻ അവസരമൊരുക്കി. തന്റേതായ ഇടം എന്നും അദ്ദേഹത്തിന് മലയാള സിനിമയിൽ ഉണ്ടായിരുന്നു.
യവനിക, പഞ്ചവടിപ്പാലം, വിടപറയും മുമ്പേ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, താളവട്ടം, ചിത്രം, വന്ദനം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, രചന, സാഗരം ശാന്തം, അച്ചുവേട്ടൻറെ വീട്, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം, മാർഗം, പ്രേമഗീതങ്ങൾ, ആലോലം, തേൻമാവിൻ കൊമ്പത്ത്, ബെസ്റ്റ് ആക്ടർ, ഓടരുതമ്മാവാ ആളറിയാം, ചാർലി, നോർത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളിൽ അദ്ദേഹം അവിസ്മരണീയ വേഷങ്ങൾ പകർന്നാടി.
അഭിനയത്തിന് പുറമെ സംവിധാനം, കഥ, തിരക്കഥ എന്നീ മേഖകളിലും അദ്ദേഹം സിനിമാ ലോകത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീർഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണക്കഥ,സവിധം, ഒരു കടങ്കഥ പോലെ, പണ്ടുപണ്ടൊരു രാജകുമാരി,അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകൾക്ക് കഥ എഴുതിയതും നെടുമുടി വേണുവായിരുന്നു. കാവേരി, തനിയെ, രസം എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. പൂരം എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു.
മികച്ച സഹനടനുള്ള ദേശിയ അവാർഡ്(1990), മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1981, 2003), മികച്ച രണ്ടാമത്തെ നടൻ (1980,1986,1994), ദേശിയ അവാർഡ് ജുറിയുടെ പ്രത്യേക അവാർഡ് (2003) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു വേണുവിന്റെ ജനനം. സ്‌കൂൾ അധ്യാപകരായ പി.കെ കേശവപിള്ളയും പി.കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു വേണുവിന്റെ മാതാപിതാക്കൾ. ഇവരുടെ അഞ്ച് ആണ്‍മക്കളിൽ ഇളയവനാണ് കെ. വേണുഗോപാൽ എന്ന വേണു. നെടുമുടി എൻഎസ്എസ് സ്കൂൾ, ചമ്പക്കുളം സെൻറ് മേരിസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും നേടി.