നാം ഇപ്പോൾ ജീവിക്കുന്നത് ഏറ്റവും നവീനമായ ഒരു ലോകത്താണ്. കണ്ടുപിടുത്തങ്ങൾ കൊണ്ടും സാങ്കേടതിക സൗകര്യങ്ങൾ കൊണ്ടും ലോകത്ത് ഇതിന് മുന്നേയുള്ള ഒരു തലമുറയും അനുഭവിക്കാത്ത അത്രയും മുൻപന്തിയിലാണ് നമ്മളിപ്പോൾ. നാളെ കൂടുതൽ സൗകര്യങ്ങൾ വരാമെങ്കിലും ഇതുവരെയുള്ളതിൽ ഏറ്റവും അഡ്വാൻസ്ഡ് ലോകത്താണ് നമ്മളിപ്പോൾ ഉള്ളതെന്ന് നിസംശയം പറയാം. പക്ഷേ, ഈ കാലഘട്ടത്തിലും മനുഷ്യർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നാം വധശിക്ഷ (capital punishment) നൽകാറുണ്ട്.
വധശിക്ഷ വേണോ വേണ്ടയോ എന്നുള്ളതിന് ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയിട്ട് നാളേറെയായി. ഇത്രയും പുരോഗമിച്ച ഒരു ലോകത്ത് വധശിക്ഷ എന്നത് ഏറ്റവും പ്രാകൃതമായ ഒരു കാര്യമായാണ് വധശിക്ഷയെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ കടുത്ത കുറ്റകൃത്യങ്ങൾക്ക് ഇതിൽ കുറഞ്ഞൊരു ശിക്ഷ അർഹിക്കുന്നില്ലെന്ന് വധശിക്ഷ തുടരണമെന്ന പക്ഷക്കാരും പറയുന്നു. എന്തായലും, നാം ജീവിക്കുന്ന ഇന്ത്യയിൽ വധശിക്ഷ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ലോകത്തിന്റെ മൂന്നിൽ രണ്ട് രാജ്യങ്ങളും വധശിക്ഷ അവസാനിപ്പിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ (Amnesty International) വ്യക്തമാക്കുന്നു.
ഒക്ടോബർ 10 നാണ് വധശിക്ഷ വിരുദ്ധദിനമായി ആചരിക്കുന്നത്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവും അവകാശവും സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ വധശിക്ഷ വിരുദ്ധദിനത്തിന്റെ തീം. ആംനസ്റ്റി ഇന്റർനാഷണൽ 2020 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ 108 രാജ്യങ്ങൾ പൂർണമായും വധശിക്ഷ നിരോധിച്ചിട്ടുണ്ട്. 28 രാജ്യങ്ങൾ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പിലാക്കാതെ തുടരുന്നുണ്ട്.
എന്നാൽ 55 രാജ്യങ്ങൾ വധശിക്ഷ ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ചൈന, ജപ്പാൻ, പാകിസ്ഥാൻ, സിംഗപ്പൂർ, യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ക്യൂബ, ഇറാൻ, ഇറാഖ്, ജമൈക്ക, ബെലാറസ്, ബഹ്‌റൈൻ, എത്യോപിയ, ഇന്തോനേഷ്യ, നൈജീരിയ, നോർത്ത് കൊറിയ, സെന്റ് ലൂസിയ, സൊമാലിയ, സുഡാൻ, തായ്‌വാൻ, തായ്‌ലൻഡ്, ഉഗാണ്ട, വിയറ്റ്നാം, സിംബാവേ തുടങ്ങിയ 55 രാജ്യങ്ങളാണ് വധശിക്ഷ ഇപ്പോഴും തുടരുന്നത്.
2020 ൽ ലോകത്തിൽ ആകെ 483 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2019 ൽ 657 പേരാണ് വധശിക്ഷ നേരിടേണ്ടി വന്നത്. ഇതുവെച്ച് നോക്കുമ്പോൾ 26 ശതമാനത്തോളം കുറവുണ്ടായി. അത്പോലെ തന്നെ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പിലായ 2015 നേക്കാൾ 70 ശതമാനത്തിന്റെ കുറവാണ് 2020 ൽ ഉണ്ടായത്. 2015 ൽ ആകെ 1634 പേരാണ് വധശിക്ഷ നേരിട്ടത്.
നാല് രാജ്യങ്ങളിലായാണ് 2020 ലെ ആകെ വധശിക്ഷയുടെ 88 ശതമാനവും നടന്നത്. ഇറാൻ (246), ഈജിപ്ത് (107), ഇറാഖ് (45), സൗദി അറേബ്യ (27) ഈ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടന്നത്. അതേസമയം ചൈനയിൽ നടക്കുന്ന വധശിക്ഷകളുടെ കണക്കുകൾ ചൈന പുറത്തുവിടാറില്ല. ഇത് അവരുടെ സ്റ്റേറ്റ് സീക്രെട്ട് (state secret) ആക്കിവെക്കുകയാണ് ചെയ്യുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടക്കുന്ന ഇടമാണ് ചൈന.
2020 ൽ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട 483 പേരിൽ 16 പേർ സ്ത്രീകൾ ആണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അഞ്ച് രീതിയിലുള്ള വധശിക്ഷകളാണ് 2020 ൽ ലോകത്ത് നടപ്പിലാക്കിയത്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ പിന്തുടരുന്ന രീതി തൂക്കിക്കൊല്ലലും വെടിവെച്ച് കൊല്ലലും ആണ്. ലീത്തൽ ഇൻജെക്ഷൻ, ഇലക്ട്രോ എക്സിക്യൂഷൻ, തലവെട്ടൽ രീതികളും ലോകത്ത് നടക്കുന്നു. അപൂർവം ചിലയിടങ്ങളിൽ ഗ്യാസ് ചേമ്പറുകളും പ്രവർത്തിക്കുന്നു.
ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ തൂക്കികൊലയാണ് നടപ്പിലാക്കുന്നത്. യെമൻ, വാട്ടർ, ഒമാൻ, ഇറാൻ, തുടങ്ങിയ രാജ്യങ്ങളിൽ വെടിവെച്ച് കൊല്ലുകയാണ് പതിവ്. അമേരിക്ക ലീത്തൽ ഇൻജക്ഷനും ഇലക്ട്രോ എക്സിക്യൂഷനും നടപ്പിലാക്കി വരുന്നു. സൗദി അറേബ്യയാണ് വാൾ ഉപയോഗിച്ച് തലവെട്ടുന്ന രീതി പിന്തുടരുന്നത്.