മുംബൈ: ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയുടെ ബന്ദ് ഇന്ന്. ശിവസേന, എൻസിപി, കോൺഗ്രസ് തുടങ്ങി ഭരണപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്ക്കണമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു. പിന്തുണയെന്നാൽ നിങ്ങളെല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം നിങ്ങളുടെ ജോലി നിർത്തിവയ്ക്കുകയും ചെയ്യണമെന്ന് മാലിക് അഭ്യർത്ഥിച്ചു.
അതേസമയം, കേന്ദ്രമന്ത്രിയുടെ മകനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആവശ്യത്തെ ആശിഷ് മിശ്ര ടേനി എതിർക്കും. അതേസമയം, അജയ് മിശ്ര ടേനിയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സംയുക്ത കിസാൻ മോർച്ച നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള യാത്ര നടത്താനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം.