പുൽപള്ളി: കുറുവ ദ്വീപ് തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. ഒരാഴ്ച മുമ്പാണ് ദ്വീപ് തുറന്നത്. എന്നാൽ ശക്തമായ മഴ കാരണം ഏതാനും ദിവസം ദ്വീപ് അടച്ചിട്ടിരുന്നു. വീണ്ടും കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഒഴിവ് ദിവസങ്ങളിൽ സന്ദർശകരുടെ തിരക്കാണ് ദ്വീപിൽ. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം. ദ്വീപിലെ പ്രധാന ആകർഷണം ചങ്ങാടയാത്രയാണ്. വനംവകുപ്പിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ ചങ്ങാട സർവിസ് ഒരുക്കിയിട്ടുണ്ട്.
ദ്വീപ് ഉൾവശം കാണാൻ ചങ്ങാട സവാരി കഴിഞ്ഞുവേണം എത്താൻ. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശകരെ അനുവദിക്കുന്നത്. കുറുവയുടെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാൻ വിദേശികളടക്കം ഇപ്പോൾ എത്തുന്നുണ്ട്.
കുറുവദ്വീപ് കബനിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആൾപാർപ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് കൂടിയാണ് കുറുവ. 950 ഏക്കറോളം സ്ഥലത്താണ് ദ്വീപ് പടർന്നുകിടക്കുന്നത്. 1100 പേർക്കാണ് ഇപ്പോൾ ദ്വീപിനുള്ളിലേക്ക് പ്രവേശനം. കുളിർമയുള്ള കാലാവസ്ഥ തന്നെയാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം.
സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധച്ചെടികളും സസ്യങ്ങളും ധാരാളമായുണ്ട്. 150തോളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. എന്നാൽ, ഇതിൽ മൂന്ന് ദ്വീപുകളിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികൾ ദ്വീപിന്റെ പ്രത്യേകതയാണ്.