രാജ്യം കടുത്ത കൽക്കരി ക്ഷാമത്തിലേക്ക് നീങ്ങുന്നതായി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനവും കൽക്കരിയാണ് എന്ന് ചേർത്ത് വായിക്കുമ്പോഴാണ് കൽക്കരി ക്ഷാമം ഉണ്ടാക്കാൻ പോകുന്ന ഭീകര അവസ്ഥയെ കുറിച്ച് ബോധ്യമാകൂ. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ രാജ്യത്തിന്റെ വ്യവസായിക രംഗം പൂർണമായി നിശ്ചലമായേക്കാവുന്ന അവസ്ഥയാണ് മുന്നിലുള്ളത്.
ഈ അവസ്ഥ ദൂരവ്യാപകമായ ഉണ്ടാകുന്ന ഒന്നല്ല. സമീപ ഭാവിയിൽ എന്ന് പറഞ്ഞാൽ, വരും ദിവസങ്ങളിൽ തന്നെ ഇത് സംഭവിക്കാം. എന്നാൽ ദിവസങ്ങൾ കൊണ്ട് മാത്രം ഈ പ്രതിസന്ധിയെ മാറ്റാനും സാധിക്കില്ല. കുറഞ്ഞത് ആറ് മാസം സമയമെങ്കിലും എടുക്കും ഈ പ്രതിസന്ധി മാറാൻ. ഇതോടെ രാജ്യത്തിന്റെ നല്ലൊരു ഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും.
പ്രത്യക്ഷത്തിൽ കേരളത്തിന് നേരിട്ട് ഭീഷണി ഇല്ലെങ്കിലും കേരളത്തിലും പവർ കട്ട് ഉൾപ്പെടെ സംഭവിക്കും. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ജലവൈദ്യുതിയെയാണു പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ജലവൈദ്യുതി കൊണ്ട് മാത്രം തീരുന്നതല്ല കേരളത്തിലെ വൈദ്യതി ഉപഭോഗം. കൽക്കരി ക്ഷാമം നേരിടുന്നതോടെ ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരും. ഇത് കേരളത്തിൽ ഉൾപ്പെടെ പ്രശ്നം ഗുരുതരമാക്കും.
കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ 34–ാം താരിഫ് റഗുലേഷൻ അനുസരിച്ച് ഖനികൾക്കു സമീപമുള്ള താപവൈദ്യുതി നിലയങ്ങൾ (പിറ്റ്ഹെഡ്) 10 ദിവസത്തേക്കും അകലെയുള്ളവ (നോൺ–പിറ്റ്‍ഹെഡ്) 20 ദിവസത്തേക്കും കൽക്കരിശേഖരം കരുതണമെന്നാണു ചട്ടം. എന്നാൽ, വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. 5 ദിവസത്തിനു താഴെ സ്റ്റോക്കുള്ള ഒരു നിലയം പോലും 2019 ഒക്ടോബറിൽ കണക്കെടുത്തപ്പോൾ ഉണ്ടായിരുന്നില്ല എന്നത് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു
ഈ പ്രതിസന്ധി വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു. നഗരത്തിൽ വിതരണം ചെയ്യുന്ന ചില പ്രധാന കൽക്കരി സ്റ്റേഷനുകളിൽ ഒരു ദിവസത്തെ സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് കെജ്രിവാൾ പറഞ്ഞു. രാജ്യതലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കിഴക്കൻ, ദക്ഷിണേന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ വിതരണ ക്ഷാമം അനുഭവിച്ചിട്ടുണ്ട്, യൂട്ടിലിറ്റി ദാതാക്കൾ ഷെഡ്യൂൾ ചെയ്യാത്ത വൈദ്യുതി മുടക്കം അവലംബിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഉപഭോഗ രാജ്യമായ ഇന്ത്യയിലെ ക്ഷാമം ഫാക്ടറികൾ അടച്ചുപൂട്ടുകയും ഉൽപാദനത്തെയും ആഗോള വിതരണ ശൃംഖലയെയും മോശമായി ബാധിക്കുകയും ചെയ്യും.
“ഞാൻ വ്യക്തിപരമായി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അത് ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, ”കെജ്രിവാൾ ട്വിറ്ററിൽ പറഞ്ഞു. പ്രതിസന്ധി ഉടനടി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കെജ്രിവാൾ ആവശ്യപ്പെട്ടു. ഏതെങ്കിലും വലിയ തടസ്സങ്ങൾ നേരിട്ടാൽ അത് ആശുപത്രികളെ ബാധിക്കുമെന്നും ഡൽഹിയിലെ 20 ദശലക്ഷം ആളുകൾക്ക് കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ തടസ്സപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൽക്കരി വൈദ്യുത നിലയങ്ങളിൽ സെപ്റ്റംബർ അവസാനം ശരാശരി നാല് ദിവസത്തെ സ്റ്റോക്ക് ഉണ്ടായിരുന്നു, ഇത് കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും താഴ്ന്നതാണ്. രാജ്യത്തെ പകുതിയിലധികം പ്ലാന്റുകളും തകരാറുകൾക്കായി ജാഗ്രതയിലാണ്. ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ നിഷ്ക്രിയ വൈദ്യുത നിലയങ്ങൾ പ്രവർത്തനക്ഷമമാക്കാൻ സർക്കാർ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്.
കൊറോണ വൈറസ് തരംഗത്തെത്തുടർന്ന് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുമ്പോൾ, മൺസൂൺ മഴ കൽക്കരി ഖനികളിൽ വെള്ളം കയറുകയും ഗതാഗത ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തു, ഇത് പവർ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കൽക്കരി വാങ്ങുന്നവരുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി. അന്താരാഷ്ട്ര വിപണയിൽ കൽക്കരി വിലയും കുതിച്ചുയർന്നു. ഇതെല്ലാം നിലവിൽ ക്ഷാമത്തിന് കാരണമാണ്.