ബെംഗളൂരിൽ വീണ്ടും കെട്ടിടം തകര്‍ന്നു. കസ്റ്റൂരി നഗറിലെ അഞ്ച്നില കെട്ടിടമാണ് തകര്‍ന്നത്. ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം തകര്‍ന്ന് വീഴുന്നതിന്‍റെ വിഡിയോ പുറത്തു വന്നിട്ടുണ്ട്.
നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തിൽ പൊട്ടലുകൾ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പോലീസും അഗ്നിശമന സേനയും ചേർന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂർണമായും തകർന്നത്.
സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ടെറസിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പ്രദേശവാസികൾ പോലീസിനോടു പറഞ്ഞു. 5-6 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൽ 8 ഫ്ലാറ്റുകളാണുള്ളത്. ഇതിൽ 3 കുടുംബങ്ങൾ മാത്രമേ താമസിച്ചിരുന്നുള്ളൂ. കെട്ടിടം തകർന്നതിന്റെ കാരണം ബിബിഎംപി എൻജിനീയർമാർ പരിശോധിച്ചു വരികയാണ്. ബാനസവാടിയിൽ തകർന്ന കെട്ടിടം പൂർണമായും പൊളിച്ചു മാറ്റുമെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു.