സിനിമകളിലൂടെ മനസ്സില്‍ ഇടംപിടിച്ച ഒട്ടേറെ സ്ഥലങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആദ്യം വരുന്ന ഒരു സ്ഥലമാണ് ഗവി. ‘ഓർഡിനറി’ എന്ന സിനിമ ഇറങ്ങിയത് മുതല്‍ ഇന്നുവരെ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ കഴിഞ്ഞ് മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പോലെതന്നെ ഗവിയും സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു.
ഗവി കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്. തോരാത്ത മഴയിലും കെഎസ്ആർടിസി ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി പ്രതിദിനം 400ൽ അധികം പേർ ഇവിടെ എത്തുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ച ഒരുക്കി കാട്ടാനകൂട്ടവും കാട്ടുപോത്തും മ്ലാവും കരിമന്തിയും സിംഹവാലൻ കുരങ്ങും റോഡ് വക്കിലെത്തുന്നതും സഞ്ചാരികൾക്ക് മുതൽക്കൂട്ടായി.
ബസുകളിൽ എന്നും നിറയെ യാത്രക്കാരാണ്. ഓൺലൈനിൽ ബുക്കിങും നല്ല തിരക്കാണ്. മിക്ക ദിവസവും രാവിലെ മുതൽ കനത്ത മഴയാണ്. ഉച്ചയോടെ ഗവിയിലെ കാലാവസ്ഥയ്ക്കു നേരിയ മാറ്റം ഉണ്ട്. എങ്കിലും നൂല് മഴ കാണും. കോട മഞ്ഞ് മാറിയെങ്കിൽ മാത്രമെ വന്യമൃഗങ്ങളെ കാണാൻ കഴിയൂ. പുൽമേടുകളിൽ ആനകളുടെ കൂട്ടം പതിവാണ്.
കോടമഞ്ഞിൽ മുങ്ങി കുളിച്ച കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളും പുൽമേടുകളും വെള്ളച്ചാട്ടവുമാണ് മറ്റ് കാഴ്ചകൾ. ഉൾവനത്തിലൂടെ ഏകദേശം 65 കിലോമീറ്റർ സഞ്ചരിച്ചാണ് ഗവി ഇറങ്ങുന്നത്. കുമളിയിവ് നിന്ന് വള്ളക്കടവ് വഴിയും കെഎഫ്ഡിസിയുടെ ടൂർ പാക്കേജ് വഴിയും ഗവിയിൽ എത്താം. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിന്റെ നേതൃത്വത്തിലാണ് ഗവി ടൂറിസം നടക്കുന്നത്. കിളിയെറിഞ്ഞാൻ കല്ല് ചെക്ക് പോസ്റ്റിനു സമീപം കുട്ടവഞ്ചി സവാരി കേന്ദ്രവും ഉണ്ട്.
ആങ്ങമൂഴിയിൽ നിന്ന് വനം വകുപ്പിന്റെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴിയാണ് ഗവിയില്ക്കുള്ള പ്രവേശനം. ഓൺലൈനിൽ ആദ്യം ബുക്ക് ചെയ്യുന്ന 30വാഹനങ്ങൾക്കു പോകാനാകും. പത്തനംതിട്ട, കുമളി ഡിപ്പോകളിൽ നിന്ന് രാവിലെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ സീറ്റ് ലഭിക്കണമെങ്കിൽ വെളുപ്പിനെ തന്നെ ഡിപ്പോയിൽ എത്തണം.