ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാരികള്‍ക്കായി ഇന്ത്യ വാതില്‍ തുറക്കുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ പതിനഞ്ച് മുതല്‍ വിസ അനുവദിക്കും. സാധാരണ ഫ്‌ളൈറ്റില്‍ എത്തുന്നവര്‍ക്ക് നവംബര്‍ പതിനഞ്ച് മുതല്‍ പുതിയ വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ( india allows tourist visa )
രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍, അവരുമായി എത്തുന്ന വിമാനങ്ങള്‍, ലാന്‍ഡിംഗ്‌കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ കൊവിഡ്-19മായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം.
കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷം മുന്‍പാണ് ഇന്ത്യ വിദേശസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രണ്ട് ഘട്ടമായാകും ടൂറിസ്റ്റ് വിസകൾ പൂർണ്ണമായും പുനരാരംഭിക്കുക. ഈ മാസം 15 മുതൽ, ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന, വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ വരുന്നവർക്കും വിദേശ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേന്ദ്രആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം എന്നീ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.