ദുബായ് ഭരണാധികാരി മുൻ ഭാര്യയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി. മുൻ ഭാര്യയുടേയും അവരുടെ അഭിഭാഷകരുടേയും ഫോൺ ചോർത്താൻ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടനിലെ കോടതി കണ്ടെത്തിയത്.
ഷെയ്ഖ് മുഹമ്മദിൻ്റെ മുൻ ഭാര്യ പ്രിൻസസ് ഹയ ബിന്ദ് അൽ-ഹുസൈൻറെ ഫോണാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയത്. കഴിഞ്ഞ മെയ് അഞ്ചിന് നടത്തിയ വിധി പ്രസ്താവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടും കൂടിയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം.
ജോർദാൻ രാജാവ് അബ്ദുല്ലയുടെ അർധ സഹോദരി കൂടിയായ പ്രിൻസസ് ഹയ ബിന്ദ് അൽ-ഹുസൈന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും ഫോണുകളാണ് ചോർത്തിയത്. ഇരുവരുടേയും കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച കേസ് ബ്രിട്ടനിലെ കോടതിയിൽ നടന്നു കൊണ്ടിരിക്കേയാണ് ഫോൺ ചോർത്തിയത്.
ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ ഹയ രാജകുമാരി താമസിച്ചിരുന്ന കൊട്ടാരത്തോട് ചേർന്നായി ഷെയ്ഖ് മുഹമ്മദിന്റെ അനുയായികൾ വീട് വാങ്ങാൻ ശ്രമിച്ചിരുന്നതായും കോടതി കണ്ടെത്തി. ഇത് ഹയ രാജകുമാരിക്ക് താൻ വേട്ടായാടപ്പെടുന്നതായും സുരക്ഷിതയല്ലെന്നും തോന്നാൻ കാരണമായെന്നും കോടതി പറഞ്ഞു. ‘വിശ്വാസത്തെ ദുരുപയോഗം ചെയ്തു എന്നാണ് ഈ കണ്ടെത്തലുകൾ പറയുന്നത്. ഒരു പരിധിവരെ ഇത് അധികാരത്തിന്റെ ദുർവിനിയോഗം കൂടിയാണ്,’ ജഡ്ജി ആൻഡ്രൂ മക്ഫാർലേയ്ൻ പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ചോർത്തലിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായും കോടതി പറഞ്ഞു. ദ ഗാർഡിയൻ പത്രമായിരുന്നു അന്ന് വിവരം പുറത്ത് വിട്ടത്. കോടതി വിധിയെ തള്ളിക്കളഞ്ഞ ദുബായ് രാജാവ് വിധി അവ്യക്തമാണെന്നായിരുന്നു പ്രതികരിച്ചത്.തന്റെ രണ്ട് കുട്ടികളേയും കൊണ്ട് 72കാരനായ ഷെയ്ഖ് മുഹമ്മദിന്റെ അടുത്ത് നിന്നും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട് പോന്നതായിരുന്നു 47കാരിയായ ഹയ ബിന്ദ് അൽ-ഹുസൈൻ. 2019 ഏപ്രിലിലായിരുന്നു ഹയ ബ്രിട്ടനിലെത്തിയത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് ശേഷം മക്കളുടെ കസ്റ്റഡി അവകാശത്തിന് വേണ്ടി നിയമ പോരാട്ടത്തിലാണ് ഇരുവരും. ഹയയുടെ അഭിഭാഷക ഫ്യോണ ഷാക്ക്ൾടണും ഫോൺ ചോർത്തലിന് ഇരയായിട്ടുണ്ട്. ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റേയും ഡയാനയുടേയും വിവാഹമോചനക്കേസിൽ ചാൾസിന്റേയും അഭിഭാഷകയായിരുന്നു ഷാക്ക്ൾടൺ.