ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് (Air Strip) ഇടുക്കി (Idukki) പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയാകുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammad Riyas) ആണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോൾ അതിൽ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാൻ ഏറെയുണ്ട്. എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയായി വരികയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിൻ്റെ രൂപരേഖ തയ്യാറാക്കിയതും നിർമ്മാണ പ്രവർത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയർ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയിൽ ഒരുങ്ങുന്നത്.
പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് അശ്രയമേകാനും എയർ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷിയേകുന്നതാണ്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു..