ദുബായ്: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 2 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ആറിന് 99 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. 18 പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ 28 റണ്‍സോടെ പുറത്താകാതെ നിന്നു. 35 പന്തില്‍ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ അക്സര്‍ പട്ടേല്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ കഗിസോ റബാദ ഒരു ബൗണ്ടറിയോടെ ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചു.
ചെന്നൈക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ നാല് ഓവറില്‍ 13 റണ്‍ വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തി. രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ നേടി. ദീപക് ചഹാര്‍ ജോഷ് ഹെയ്സല്‍വുഡ്, ബ്രാവോ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അമ്പാട്ടി റായിഡുവിന്റെ അര്‍ദ്ദസെഞ്ച്വറിയാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 20 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ചെന്നൈയെ ധോണിയെ കൂട്ടുപിടിച്ച് റായിഡു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ചെന്നൈക്കായി ആദ്യ മത്സരം കളിച്ച റോബിന് ഉത്തപ്പ 19 റണ്ണെടുത്തു.
ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന്, അശ്വിന്, നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.