തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശൂർ ജില്ലയിൽ മഴയില്‍ പരക്കെ നാശമുണ്ടായി. കോഴിക്കോടും കനത്ത മഴയാണ് പെയ്യുന്നത്. മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.