കൊച്ചി: മോന്സന് മാവുങ്കലിനെ(Monson Mavunkal) ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടുതവണ മോന്‍സനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ശില്പ്പിയെ വഞ്ചിച്ച് പണം നല്‍കാത്തതിന്റെ കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.
മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി മോന്സന് സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
ലക്ഷക്കണക്കിന് രൂപയാണ് ആഘോഷ പരിപാടികള്‍ക്കായി മോന്സന് ചെലവാക്കിയത്. വജ്രവ്യാപാരി, വന്‍ സുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോന്‍സനെ ഒപ്പമുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായെല്ലാം ബന്ധം പുലര്‍ത്തുന്നതിനായിരുന്നു ഇത്തരം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.