ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യക്തിത്വമാണ് മഹത്മജി. ഒരു ജനതയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ ആ ജനത ഗാന്ധിജിയോട് നീതി കാണിച്ചോ എന്നത് സംശയമാണ്.
സ്വാതന്ത്ര്യ ഇന്ത്യയിൽ ഗാന്ധിജിയെ എത്രയോ തവണ വധിച്ചു. ആദ്യം വധിച്ചത് ഗോഡ്സെ അല്ല. സ്വന്തം പ്രസ്ഥാനം തന്നെയാണ്. അധികാരത്തിൽ എത്തിയതോടെ ഗാന്ധിയൻ ആശയങ്ങളെ കോൺഗ്രസ് ഒന്നൊന്നായി തിരസ്കരിച്ചു തുടങ്ങി. ഗാന്ധി പ്രസ്ഥാനത്തിൽ നിന്ന് അകന്നു. പ്രസ്ഥാനം ഗാന്ധിയിൽ നിന്നും അകന്നു. അങ്ങനെ ആദ്യ വധം കോൺഗ്രസ് നടപ്പാക്കി. പിന്നീട് എത്രയോ തവണ ഇന്ത്യൻ ജനത ഗാന്ധിയെ കൊന്നു. പാരമ്പര്യത്തെയും ആധുനികതയെയും ചേർത്തു നിർത്താനാണ് ഗാന്ധി എന്നും ശ്രമിച്ചത്.
പുരോഗതിയെ കുറിച്ചുള്ള ജൈവ ചിന്ത സമൂഹത്തിനുള്ളിൽ നിന്നും ഉണ്ടാകണമെന്നും ആഗ്രഹിച്ചു. പാർശവത്കരിക്കപെട്ട ജനതയുടെ രാഷ്ട്രീയവും സാമൂഹികവുമായ വിമോചനം ഗാന്ധിജിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പക്ഷെ ഗാന്ധിജി വിഭാവനം ചെയ്ത ലോകം അട്ടിമറിക്കപ്പെട്ടു. ഇന്ത്യൻ ഭരണ നേതൃത്വം എത്ര പെട്ടന്നാണ് കോർപറേറ്റുകൾക്കും വൻകിട മുതലാളിമാർക്കും കീഴ്പെട്ടത്. നെഹ്‌റുവിന് പോലും ഗാന്ധിയൻ ആശയങ്ങൾ ഉൾകൊള്ളാൻ ആയില്ല. പിന്നീട് വന്നവർ ഗാന്ധിജിയെ ചവുട്ടി തന്നെ മുൻപോട്ട് പൊയി. ഇന്ദിരാ ഗാന്ധിയിൽ എത്തുമ്പോഴേക്കും ഗാന്ധി പൂർണ്ണമായും വിസ്മരിക്കപ്പെട്ടു കഴിഞ്ഞു. അത് കൊണ്ടാണല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അവർ തയ്യാറായത്.
കോൺഗ്രസ്സിന് പുറത്തെ ഗാന്ധിയൻ പ്രസ്ഥാനങ്ങളും ഗാന്ധിയെ കയ്യൊഴിഞ്ഞു. അവർക്ക് പണം ഉണ്ടാക്കാനുള്ള ഒരു പ്രതീകം മാത്രമായി ഗാന്ധി മാറി. പല പ്രസ്ഥാനങ്ങളും അഴിമതിയുടെ കേന്ദ്രവുമായി തീർന്നു. ഗാന്ധിയൻ മാരായി ജീവിച്ചവർക്ക് പോലും വംശ നാശം വന്നു കഴിഞ്ഞു.
എന്നാൽ ഇന്ന് ഗാന്ധിയൻ ചിന്തകൾക്ക് പ്രസക്തിയുണ്ടോ? ഉണ്ട് എന്ന് പല ബുദ്ധിജീവികളും സമ്മതിക്കുന്നു.കാരണം കോർപറേറ്റ് വത്കരിക്കപ്പെട്ട ഇന്ത്യൻ ജനതയെ അവരുടെ വേരുകളിലേക്കും തനത് ജീവിത സംസ്കാരത്തിലേക്കും തിരിച്ചെത്തിക്കാൻ ഗാന്ധിയൻ ആശയങ്ങൾ കൊണ്ടു വരേണ്ടിയിരിക്കുന്നു. ഇന്ത്യയെ മത രാഷ്ട്രീമാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളെ പ്രതിരോധിക്കാൻ ഗാന്ധിയുടെ സെക്യൂലർ നിലപാടുകൾ ഉയർത്തി പിടിക്കേണ്ടിയിരിക്കുന്നു.ഗാന്ധിയെ തിരിച്ചു വിളിക്കുക എന്ന മുദ്രാവാക്യത്തിന് വലിയ പ്രസക്തിയാനുള്ളത്.
ഗാന്ധിജിയെ വരാഘോഷമാക്കി മാറ്റാതെ സാമൂഹിക അതിജീവനത്തുള്ള ഊർജ്ജമാക്കി തീർക്കണം. അത്തരമൊരു കാലം ഉണ്ടാവുമോ?