ദേശീയ രാജ്യാന്തര മത്സരങ്ങളില് മെഡൽ നേടുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് കൌൺസിൽ നൽകേണ്ട പാരിതോഷിക കുടിശ്ശികയിൽ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിക്കാൻ കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് ഉത്തരവിട്ടു. 2019 മുതൽ കായിക താരങ്ങൾക്ക് നൽകാനുള്ള പാരിതോഷികം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട കായിക മന്ത്രി കുടിശ്ശികയുടെ കണക്ക് ശേഖരിക്കാന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൌൺസിൽ കണക്ക് ശേഖരിച്ച് വരികയാണ്. ഇതുവരെ വകുപ്പിന് സമർപ്പിച്ച കണക്കില് വ്യക്തത വരുത്താനും മന്ത്രി അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. ലോംഗ് ജംപ് താരം ആൻസി സോജന് പാരിതോഷിക ഇനത്തിൽ നൽകാനുള്ള മുഴുവൻ കുടിശ്ശികയും ഉടൻ കൈമാറാനും ഉത്തരവിട്ടിട്ടുണ്ട്.
















