കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി(KPCC) അധ്യക്ഷന്‍ കെ സുധാകരനെതിരെ(K Sudhakaran) ആരോപണം ഉന്നയിച്ചത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരൻ പ്രശാന്ത് ബാബു.
“സുധാകരന് 32 കോടിയുടെ അഴിമതി നടത്തിയതിന്റെ വ്യക്തമായ രേഖകള്‍ ഞാന്‍ ഹാജരാക്കിയിട്ടുണ്ട്. സുധാകരന് എന്നെക്കുറിച്ച് പറഞ്ഞത് രാപ്പകല്‍ മദ്യപാനിയാണ്, അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കാമോ എന്നാണ്. വ്യക്തിഹത്യയാണത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഫീല്‍ഡ് ഓഫീസറായിട്ട് വിരമിച്ചയാളാണ് ഞാന്‍. എനിക്ക് എന്റെ മക്കളും കുടുംബവുമുണ്ട്. സമൂഹത്തില്‍ വിലയുണ്ട്. സുധാകരന് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിയമ നടപടികളിലേക്ക് പോകും.
ജവഹര്‍ ബാലവേദിയിലൂടെ കോണ്‍ഗ്രസിലേക്ക് വന്ന പ്രവര്‍ത്തകനാണ് ഞാന്‍. സുധാകരന് 87ല്‍ എന്റെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോള്‍ ശുഭപ്രതീക്ഷയോടെയാണ് ഞങ്ങള്‍ വരവേറ്റത്. പക്ഷേ അദ്ദേഹം ഞങ്ങളെ ക്രിമിനല്‍വല്‍ക്കരിച്ചു. 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാന്‍. സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ.
രണ്ട് കൊലക്കേസായപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു. കോഴിക്കോട് എംപി എം കെ രാഘവനാണ് എന്നെ തിരിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നു നഗരസഭാ പ്രതിനിധിയാക്കുന്നത്. അന്ന് മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി 175 കോടിയുടെ അഴിമതി നടത്താന്‍ സുധാകരന് പ്രേരിപ്പിച്ചു”. എന്ന് സുധാകരന്റെ മുന്‍ ഡ്രൈവര്‍ കൂടിയായ പ്രശാന്ത് ബാബു പറഞ്ഞു.
അതേസമയം,സാമ്പത്തിക ക്രമക്കേട് പരാതിയിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. കെ സുധാകരനെതിരെ ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്. എംപി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്.