തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നാലാം തിയതി മുതൽ നിസഹകരണ സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലാകും സമരമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
പല ഘട്ടങ്ങളിലായി സമരം നടത്തിയിട്ടും റിസ്ക് അലവൻസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമില്ലാത്തതിൽ വലിയ അമർഷത്തിലാണ് ഡോക്ടർമാർ.എൻട്രി കേഡറിൽ സർവ്വീസിൽ പ്രവേശിക്കുന്ന ഡോക്ടർക്ക് മുൻപത്തേക്കാൾ 9000 രൂപ കുറച്ചാണ് ലഭിക്കുന്നത്. സർവ്വീസിലുള്ളവർക്ക് റേഷ്യോ പ്രമോഷൻ നടപ്പാക്കിയിട്ടില്ല. കിട്ടിയിരുന്ന പേഴ്സനൽ പേ നിർത്തലാക്കി. റിസ്ക് അലവൻസെന്ന തുടക്കം മുതലുള്ള ആവശ്യത്തിലും തീരുമാനമോ ചർച്ചകളോ ഇല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കൊവിഡ് പ്രതിരോധ നിരയിൽ തങ്ങൾ നേരിടുന്നത് അവഗണനയാണെന്നാണ് പൊതുവികാരം. പലഘട്ടങ്ങളിലായി നടന്ന സൂചനാ സമരങ്ങളിൽ ചർച്ചകളില്ലാത്തനിലാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഉപവാസ സമരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.