വയനാട്: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത ഉത്തരവ് സർക്കാർ (government order) മരവിപ്പിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍(A K Saseendran). വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ്കൺസർവേറ്റർ വിനോദ് കുമാർ ഡി കെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. നിലവിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.
ലക്കിടി ചെക്ക്പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം സർവ്വീസിൽ തിരിച്ചെടുത്ത് കൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ്കുമാർ മന്ത്രിയുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് സൂചന.

















