മാര്‍വെല്‍ വുമൺ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു സ്‍കാര്‍ലെറ്റ് ജൊഹാന്‍സണ്‍ (Scarlett Johansson) നായികയായ ‘ബ്ലാക്ക് വിഡോ’ (Black Widow). കൊവിഡ് (Covid 19) കാലത്ത് തിയറ്ററുകളിലെത്തിയ മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ (Marvel Cinemativ Universe/ MCU) 24-ാം ചിത്രമെന്ന നിലയിലെ പ്രീ-റിലീസ് ഹൈപ്പ് പ്രൊമോഷൻ കൂടി ലഭിച്ച ചിത്രവുമായിരുന്നു ഇത്. 2021 ജൂണ്‍ 29ന് ആഗോള പ്രീമിയറും ജൂലൈ 9ന് യുഎസ് റിലീസും നടന്ന ഈ ചിത്രം ഒരു ഹൈബ്രിഡ് റിലീസുമായിരുന്നു (തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ്). ഡിസ്‍നി പ്ലസ് (Disney Plus) എന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് തിയറ്റര്‍ റിലീസിനൊപ്പം ചിത്രം സ്ട്രീം ചെയ്യപ്പെട്ടത്. എന്നാൽ, അതിന്‍റെ പേരില്‍ രൂപപ്പെട്ട നായികാതാരവും നിര്‍മ്മാണക്കമ്പനിയുമായുണ്ടായ തര്‍ക്കം നിയമ വ്യവഹാരങ്ങളിലേക്ക് വരെ നീങ്ങുകയായിരുന്നു.
ചിത്രം ഹൈബ്രിഡ് റിലീസ് ആക്കിയത് താനുമായി ഡിസ്‍നി ഉണ്ടാക്കിയ കരാറിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൊഹാന്‍സണ്ണിന്റെ പരാതി. ഡിസ്‍നിയുമായുള്ള കരാര്‍ പ്രകാരം എക്സ്ക്ലൂസീവ് തിയറ്റര്‍ റിലീസ് ആണ് ചിത്രമെന്നും ഒടിടിയിലും റിലീസ് ചെയ്യപ്പെട്ടത് തന്‍റെ വരുമാനത്തെ ഗൗരവമായി ബാധിച്ചു എന്നാണ്, ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോടതിയില്‍ ജൂലൈയില്‍ ഫയല്‍ ചെയ്‍ത പരാതിയില്‍ ജൊഹാന്‍സണ്‍ പറയുന്നത്. എന്നാൽ, ആ പ്രശ്നത്തിന് നിലവിൽ, പരിഹാരം ഉണ്ടായിരിക്കുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, കൊവിഡ് സൃഷ്‍ടിച്ച പ്രതിസന്ധിയെ പരിഗണിക്കാതെയാണ് സ്‍കാര്‍ലെറ്റിന്‍റെ ആരോപണം എന്നായിരുന്നു വാള്‍ട്ട് ഡിസ്‍നി കമ്പനിയുടെ പ്രതികരണം. ബ്ലാക്ക് വിഡോയില്‍ നിന്ന് ജൊഹാന്‍സണിന് ഇതിനകം 20 മില്യണ്‍ ഡോളര്‍ (148 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നും ഡിസ്‍നി വെളിപ്പെടുത്തിയിരുന്നു.
തിയറ്റര്‍ റിലീസിനൊപ്പം തങ്ങളുടെതന്നെ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്‍തത് ചിത്രത്തിന്‍റെ വരുമാനത്തിലും വര്‍ധന ഉണ്ടാക്കാനാണെന്നാണ് ഡിസ്‍നിയുടെ വാദം. ഡിസ്‍നി പ്ലസിലെ സ്ട്രീമിംഗ് വഴി ചിത്രം 125 മില്യണ്‍ ഡോളര്‍ (927 കോടി രൂപ) വരുമാനമാണ് ചിത്രത്തിന് ലഭിച്ചത്. തിയറ്റര്‍ റിലീസിലൂടെ കിട്ടിയത് 367 കോടി മില്യണ്‍ ഡോളര്‍ (2720 കോടി രൂപ) എന്നാണ് ഡിസ്‍നി പുറത്തുവിട്ട കണക്ക്.
നിലവിൽ, തര്‍ക്ക പരിഹാരത്തില്‍ എത്താന്‍ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് സ്‍കാര്‍ലെറ്റ് ജൊഹാന്‍സണും ഡിസ്‍നിയും അറിയിച്ചു. ഡിസ്‍നിയുമായി ഇത്രനാള്‍ ഉണ്ടായിരുന്ന സര്‍ഗാത്മക സഹകരണത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ആ കൂട്ടുകെട്ട് വരുംവര്‍ഷങ്ങളിലും തിടരുന്നതിനുവേണ്ടിയാണ് തന്‍റെ കാത്തിരിപ്പെന്നുമാണ്, ജൊഹാന്‍സൺ പറഞ്ഞതായി ദി ഹോളിവുഡ് റിപ്പോർട്ടർ ട്വീറ്റ് ചെയ്തു.