തെന്നിന്ത്യൻ നായകൻ സൂര്യയുടെ (Suriya) ടി ജെ ജ്ഞാനവേല്‍ (T J Gnanavel) സംവിധാനം ചെയ്യുന്ന ചിത്രം ജയ് ഭീം ദീപാവലിക്കെത്തും. ആരാധകരുടെയും നിരൂപകരുടെയും ആകാംക്ഷ ഒരുപോലെ പേറുന്ന ഈ ചിത്രം ആമസോൺ പ്രൈം വീഡിയോയാണ് റിലീസ് ചെയ്യുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി നവംബറിലായിരിക്കുമെന്ന് നേരത്തെ തന്നെ ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ദീപാവലി റിലീസ് ആയി നവംബര്‍ 2ന് തന്നെ ചിത്രം എത്തുമെന്ന പുതിയ പ്രഖ്യാപനം ആരാധകർക്ക് ലഭിച്ചിരിക്കുകയാണിപ്പോൾ.
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം, അംബേദ്കറിസ്റ് ആശയങ്ങൾ ഉൾക്കൊണ്ടിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നിരൂപകർ. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ,വക്കീല്‍ വേഷത്തിലാവും സൂര്യ എത്തുകയെന്നാണ് പോസ്റ്ററുകൾ വെളിവാക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍.ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് മണികണ്ഠനാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടൻ പ്രകാശ് രാജ്, മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസ് എന്നിവരും താരനിരയിലുണ്ട്.
എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘രാമെ ആണ്ടാളും രാവണെ ആണ്ടാളും’ ഇതിനകം റിലീസ് ചെയ്യപ്പെട്ടു. ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന ‘ഉടന്‍പിറപ്പേ’ ഈ മാസം 14നും സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡോഗ്’ ഡിസംബറിലും എത്തും.
















