തിരുവനന്തപുരം : ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ പങ്കാളിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്(Veena George). തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ചാണ് മന്ത്രി രക്തദാനം നടത്തിയത്. ആരോഗ്യമുള്ള എല്ലാവരും സന്നദ്ധ രക്തദാനത്തിന് തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം.
സംസ്ഥാന ആരോഗ്യ വകുപ്പ് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമുള്ള ആര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം രക്തം ദാനം ചെയ്യാം. സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്സ് കണ്ട്രോള് സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ബ്ലഡ് ബാങ്കുകള്‍, രക്തദാന സംഘടനകള്‍ എന്നിവ സംയുക്തമായി ‘സസ്നേഹം സഹജീവിക്കായി’ എന്ന പേരില്‍ ഒരു ക്യാമ്പയിനും ആരംഭിക്കുന്നുണ്ട്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fveenageorgeofficial%2Fvideos%2F369780244592603%2F&show_text=false&width=267&t=0