തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് (congress). കെപിസിസി (kpcc)വക്താക്കൾക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ ലക്ഷ്യംവച്ച് ഏകപക്ഷീയ ചർച്ചകളാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. അതിനാൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം.
മോൻസൺ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. ഇടപാടിൽ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ സുധാകരൻ ഇത് തള്ളി. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കിൽ മോൻസണിനെതിരെ നിയമനടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ ഉയരുന്നത് പോലെ മോൻസണിന്റെ വീട്ടിൽ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്നത്തിനാണ് മോൻസണിന്റെ വീട്ടിൽ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോൾ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരനു പുറമെ ലാലി വിന്‍സന്റ്, ഹൈബി ഈഡന്‍ എംപി തുടങ്ങിയവരുമായി ബന്ധപ്പെട്ടും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചില ചാനലുകള്‍ ചര്‍ച്ചകള്‍ സുധാകരനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതായാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

















