ഡൽഹി: ലോകമെമ്പാടുമുള്ള പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യയിലുടനീളമുള്ള സ്കൂളുകൾ അടച്ചിരിക്കുകയാണ്. ഇതിൻ്റെ ആഘാതം വളരെ കഠിനമാണ്. ഇന്ത്യയിലെ സംസ്‌ഥാനങ്ങളിലൂടെ നടത്തിയ സർവേയിലാണ് സ്കൂളുകൾ അടച്ചിട്ടതിന്റെ ബുദ്ധിമുട്ടുകൾ എത്രത്തോളമാണെന്ന് കണ്ടെത്താനായത്.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ പകർച്ചവ്യാധിക്കുമുമ്പ് പഠിച്ച കാര്യങ്ങൾ അതിവേഗം മറക്കുന്നു എന്ന് ഈ സർവേയിലൂടെ കണ്ടെത്താനായി. ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് പല ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവപെടുന്നുണ്ട്. സ്കൂളുകൾ അടച്ചുപൂട്ടിയത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
സ്കൂൾ കുട്ടികളുടെ ഓൺലൈൻ, ഓഫ്‌ലൈൻ പഠനത്തെ കുറിച്ച് ഇന്ത്യയിലെ 16 സംസ്‌ഥാനങ്ങളിലും അതിന്റെ കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഗസ്റ്റിലാണ് ഈ അടിയന്തിര സർവേ നടത്തിയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന താരതമ്യേന പിന്നോക്കം നിൽക്കുന്ന കുഗ്രാമങ്ങളിലും ചേരികളിലും കഴിയുന്ന 1400 കുട്ടികളിലാണ് ഈ സർവേ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
സ്കൂളുകൾ അടച്ചുപൂട്ടിയത് മൂലം ഗ്രാമങ്ങളിലെ പല കുട്ടികളുടെയും പഠനം നിന്നുപോയി. ഗ്രാമങ്ങളിലുള്ള 8 ശതമാനം കുട്ടികൾക്ക് മാത്രമെ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നുള്ളു എന്നാണ് സർവേ പറയുന്നത്. സ്മാർട്ട്ഫോണുകളുടെ ലഭ്യതക്കുറവും ഇന്റർനെറ്റ് കണക്ഷൻ്റെ പ്രശ്നം മൂലവും ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വെല്ലുവിളികൾ ഉയർത്തി.
ഇവയിൽ 36 ശതമാനം കുട്ടികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമല്ലെങ്കിൽ 9 ശതമാനം പേർക്ക് ഇന്റർനെറ്റ് ലഭ്യമല്ല. 6 ശതമാനം പേർക്ക് ഇതിനുള്ള പണമില്ല. 97 ശതമാനം രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന്
ആഗ്രഹിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് നല്ലരീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ സ്കൂളുകൾ തുറക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. സ്കൂളുകൾ തുറന്നാൽ ഓൺലൈൻ പഠനം മൂലം ബുദ്ധിമുട്ടനുഭവിച്ച കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുമെന്ന് സർവേ പറയുന്നു.