ന്യൂഡല്‍ഹി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്കൂള്‍സ്’ എന്നറിയപ്പെടും. 2026 വരെയാണ് പദ്ധതി.പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്കൂളുകളിലായി 11.80 കോടി കുട്ടികള്‍ക്ക് പിഎം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.
അതേസമയം തിഥി ഭോജൻ’ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുകയാണ് തിഥി ഭോജനിലൂടെ ചെയ്യുന്നത്. കൂടാതെ, കുട്ടികൾക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ ‘സ്കൂൾ ന്യൂട്രീഷൻ ഗാർഡൻസ്’ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.