കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. ഉത്തർപ്രദേശിലെ സുൽത്താൻപുർ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപകീർത്തിപരമായ ഒന്നും ഇല്ലെന്നാണ് വിധി പറഞ്ഞ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ശുഭം വർമ നിരീക്ഷിച്ചത്. കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ 2018 ൽ പത്രസമ്മേളനത്തിൽ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശമാണ് കേസിനാധാരം. ‘‘ബിജെപിയുടെ ദേശീയ അധ്യക്ഷൻ ഒരു കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലെ ജനങ്ങൾ മറന്നുപോകുന്നു. അതാണ് സത്യം.
സത്യസന്ധതയെക്കുറിച്ചും മാന്യതയെക്കുറിച്ചും വാചാലരാകുന്ന പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് കൊലക്കുറ്റം ആരോപിക്കപ്പെട്ട ഒരാളാണ്’’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിനെ കുറിച്ച് പരാമർശിക്കവേയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്ര നൽകിയ പരാതിയിലാണു സുൽത്താൻപുരിലെ എംപി/എംഎൽഎ പ്രത്യേക കോടതി കേസെടുത്തത്.















