തിരുവനന്തപുരം :സംസ്ഥാന സർക്കാർ നൽകേണ്ട ഒബിസി ഓവർസീസ് സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേടെന്ന് തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനി. വിദേശത്ത് പഠിക്കാനെത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പാണിത്. അർഹതയുണ്ടായിട്ടും സർക്കാർ തനിക്ക് ലഭിക്കേണ്ട സ്കോളർഷിപ്പ് നൽകിയില്ലെന്നും അതിൽ ഗുരുതര ക്രമക്കേടുണ്ടെന്നും തൃശൂർ സ്വദേശിനി ഹഫീഷാ ടി ബിയാണ് ആരോപിക്കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്തമായ സസ്സെക്സ് യൂണിവേഴ്സിറ്റിയിൽ സോഷ്യൽ ആന്ത്രോപോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഹഫീഷാ.
“വിദേശത്ത് പഠിക്കാൻ പോകാൻ ഒരു കുട്ടി എടുക്കുന്ന എഫർട്ട് ചെറുതല്ല. പ്രത്യേകിച്ച് ഉയർന്ന റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളിൽ. അപ്ലൈ ചെയ്യുന്നത് മുതൽ വിസ വരുന്നത് വരെയുള്ള ഓരോ സ്റ്റേജിലും ഓരോ വിദ്യാർത്ഥിയും ഇൻവെസ്റ്റ് ചെയ്യുന്ന എനർജി, കടന്നു പോകുന്ന മാനസിക സമ്മർദ്ദങ്ങൾ, ത്യാഗങ്ങൾ എല്ലാം തന്നെ സ്വപ്ന സാക്ഷാൽക്കാരത്തിലെത്താൻ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. ഉയർന്ന റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സാമ്പത്തിക സ്ഥിതി കുറഞ്ഞ അല്ലെങ്കിൽ ഇല്ലാത്ത സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടികൾ അത്തരം യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഇടുന്ന എഫർട്ട് മറ്റേതു കുട്ടികളേക്കാളും വലുതാണ്. ഇത്തരം എല്ലാ പ്രതിസന്ധികളിലൂടെയും ഞാൻ കടന്നു പോകുമ്പോൾ നിലവിൽ അഡ്മിഷൻ ലഭിച്ച യൂണിവേഴ്സിറ്റിയുടെ ഉയർന്ന റാങ്കിംഗും കോഴ്സിന്റെ മേന്മയുമാണ് വലിയ പ്രതീക്ഷയായി മുന്നിൽ നിന്നിരുന്നത്. ഒപ്പം പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പും. എന്നാൽ കൃത്യമായ അക്കാദമിക് പ്രൊഫൈൽ ഉണ്ടായിട്ടും എന്നെ പോലുള്ള യോഗ്യരായ നിരവധി പേരെ അയോഗ്യരാക്കിയിട്ടായിരുന്നു 2021 ജൂണിൽ സർക്കാർ സ്കോളർഷിപ്പ് പട്ടിക പ്രസിദ്ധീകരിച്ചത്.” – ഹാഫിഷാ പറയുന്നു.
“വിദേശ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഒരാളെങ്കിലും ഉണ്ടായിരുന്നോ സ്കോളർഷിപ്പ് സെലക്ഷൻ കമ്മിറ്റിയിൽ? അതുമല്ലെങ്കിൽ വിദേശ യൂണിവേഴ്സിറ്റികളുടെ റാങ്കിംഗിനെ പറ്റി ധാരണയുള്ള (ഓക്സ്ഫോഡിനെയും ആസ്റ്റണിനേയും ഒരേ അളവുകോൽ വെച്ച് അളക്കരുത് എന്ന സാമാന്യ ബോധമുള്ള) ആരെങ്കിലും ഒരാൾ ഉണ്ടായിരുന്നോ?” – ഹഫീഷാ തൻറെ ഫേസ്ബുക്കിൽ കുറിക്കുന്നു.
hafeesha T B facebookhttps://m.facebook.com/story.php?story_fbid=583000862843082&id=100007137729532
സ്കോളർഷിപ്പ് കിട്ടാത്തതിനെ തുടർന്ന്, വളരെയധികം സമയം പാർട്ട് ടൈം ജോലികൾ ചെയ്യേണ്ടി വരുന്നതും പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളും ഒപ്പം തന്നെ യൂണിവേഴ്സിറ്റിയിൽ ഫീസ് കൊടുക്കാനായി സ്വന്തം വീട് വരെ വിൽക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം, ഫേസ്ബുക്ക് വിഡിയോയിൽ വിദ്യാർത്ഥിനി പറയുകയും അത് വാർത്തയാവുകയും ചെയ്തിരുന്നു. നിലവിൽ തനിക്ക് വേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല , തന്റെ അവകാശമാണെന്നും പെൺകുട്ടി അറിയിച്ചു. സർക്കാരിനെതിരെ ഇക്കാര്യത്തിൽ നിയമ പോരാട്ടം നടത്തുമെന്നാണ് ഹഫീഷ പറയുന്നത്.
ഹഫീഷാ ടി ബി യുടെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവൻ ഭാഗം
വിദേശത്ത് പഠിക്കാൻ പോകാൻ ഒരു കുട്ടി എടുക്കുന്ന എഫർട്ട് ചെറുതല്ല. പ്രത്യേകിച്ച് ഉയർന്ന റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളിൽ. അപ്ലൈ ചെയ്യുന്നത് മുതൽ വിസ വരുന്നത് വരെയുള്ള ഓരോ സ്റ്റേജിലും ഓരോ വിദ്യാർത്ഥിയും ഇൻവെസ്റ്റ് ചെയ്യുന്ന എനർജി, കടന്നു പോകുന്ന മാനസിക സമ്മർദ്ദങ്ങൾ, ത്യാഗങ്ങൾ എല്ലാം തന്നെ സ്വപ്ന സാക്ഷാൽക്കാരത്തിലെത്താൻ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. ഉയർന്ന റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സാമ്പത്തിക സ്ഥിതി കുറഞ്ഞ അല്ലെങ്കിൽ ഇല്ലാത്ത സാഹചര്യത്തിൽ നിന്നും വരുന്ന കുട്ടികൾ അത്തരം യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഇടുന്ന എഫർട്ട് മറ്റേതു കുട്ടികളേക്കാളും വലുതാണ്. ഇത്തരം എല്ലാ പ്രതിസന്ധികളിലൂടെയും ഞാൻ കടന്നു പോകുമ്പോൾ നിലവിൽ അഡ്മിഷൻ ലഭിച്ച യൂണിവേഴ്സിറ്റിയുടെ ഉയർന്ന റാങ്കിംഗും കോഴ്സിന്റെ മേന്മയുമാണ് വലിയ പ്രതീക്ഷയായി മുന്നിൽ നിന്നിരുന്നത്. ഒപ്പം പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പും. എന്നാൽ കൃത്യമായ അക്കാദമിക് പ്രൊഫൈൽ ഉണ്ടായിട്ടും എന്നെ പോലുള്ള യോഗ്യരായ നിരവധി പേരെ അയോഗ്യരാക്കിയിട്ടായിരുന്നു 2021 ജൂണിൽ സർക്കാർ സ്കോളർഷിപ്പ് പട്ടിക പ്രസിദ്ധീകരിച്ചത്.
ഇഷ്ട്ടാനുസരണം മാനദണ്ഡങ്ങൾ മാറ്റിയും മറ്റു അലസതകളും മൂലം ‘അനർഹരായവരെ’ ലിസ്റ്റിൽ ഉൾപ്പെടുത്തുമ്പോൾ മെറിറ്റോറിയസായ ഓരോ കുട്ടികളുടെയും ജീവിതം വെച്ചാണ് അധികൃതർ കളിക്കുന്നത്. നിങ്ങൾ എങ്ങനെയാണ് മെറിറ്റിനെ ഡിഫൈൻ ചെയ്യുന്നത് ? മെറിറ്റ് എന്താണെന്ന് നിങ്ങൾക്ക് കേട്ടുകേൾവിയെങ്കിലുമുണ്ടാ?. കേരളത്തിലെ ഒരു കോളേജിലെയോ യൂണിവേഴ്സിറ്റിലെയോ അഡ്മിഷൻ പ്രൊസസ് കണക്കാക്കിയാണോ നിങ്ങൾ അന്താരാഷ്ട്ര നിലവാരം അളക്കുന്നത്? അക്കാദമിക്ക് ആർട്ടിക്കുകളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അവ എഴുതാനും പബ്ലിഷ് ചെയ്യാനുമുള്ള കഷ്ട്ടപ്പാട് മാനദണ്ഡങ്ങൾ വളച്ചൊടിക്കാൻ നിങ്ങളിട്ടുന്ന ‘എഫർട്ടിനേക്കാൾ’ എത്രയോ മുകളിലാണ്. കോൺഫറൻസ് പ്രസന്റേഷൻസ് എന്നത് മൈക്കയിലൂടെ ജനങ്ങളോട് തള്ളുന്നത് പോലെയുള്ള തള്ളലുകൾ അല്ലെന്നും അക്കാദമിക് ലൈഫ് കെട്ടിപടുക്കുന്നതാണെന്നും ഇവയൊക്കെ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടാൻ വളരെ പ്രാധാന്യമുള്ളതാണെന്നും തിരിച്ചറിഞ്ഞാൽ വളരെ നല്ലത്!!!
ആയിരം – രണ്ടായിരം രൂപയുടെ വ്യത്യാസം കൊണ്ടാണോ നിങ്ങൾ മെറിറ്റളക്കുന്നത് ? വിദേശ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഒരാളെങ്കിലും ഉണ്ടായിരുന്നോ സ്കോളർഷിപ്പ് സെലക്ഷൻ കമ്മിറ്റിയിൽ? അതുമല്ലെങ്കിൽ വിദേശ യൂണിവേഴ്സിറ്റികളുടെ റാങ്കിംഗിനെ പറ്റി ധാരണയുള്ള (ഓക്സ്ഫോഡിനെയും ആസ്റ്റണിനേയും ഒരേ അളവുകോൽ വെച്ച് അളക്കരുത് എന്ന സാമാന്യ ബോധമുള്ള) ആരെങ്കിലും ഒരാൾ ഉണ്ടായിരുന്നോ?
ഒരു ഇന്റർനാഷ്ണൽ പബ്ലിക്കേഷൻ, ഒരു ഇന്റർനാഷണൽ പ്രസന്റേഷൻ, 3 – 4 നാഷ്ണൽ പ്രസന്റേഷൻസ്, പത്തിലധികം ബൈലൈനുകൾ,ഒരു വർഷത്തെ ടീച്ചിംഗ് പരിചയം, 80% മുകളിൽ ഡിഗ്രി മാർക്ക്, സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി, യുനെസ്കോയുടെ സ്പെഷ്യൽ റെകഗ്നിഷൻ അവാർഡ്, നിരവധി ഇന്റേൺഷിപ്പുകൾ, ഇതെല്ലാം പി. എച്ച്.ഡി യ്ക്കു മുമ്പു തന്നെ ഈ ചെറിയപ്രായത്തിനുള്ളിൽ ഞാൻ കെട്ടി പടുത്തത്താണ്. എന്നിട്ടും എന്തുകൊണ്ട് എനിക്ക് മെറിറ്റ് ഇല്ലാതാകുന്നു?
അല്ലെങ്കിൽ എനിക്കില്ലാത്ത എന്ത് മെറിറ്റാണ് സ്കോളർഷിപ്പു ലഭിച്ച അഞ്ഞൂറും അറുനൂറും റാങ്കിംഗുള്ള യൂണിവേഴ്സിറ്റികളിലെ കുട്ടികൾക്കുള്ളത് ?
നിങ്ങൾ എനിക്കു വരുത്തിയ നഷ്ട്ടങ്ങളെ പറ്റി നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ?
നിവരധി മികച്ച വൊളണ്ടിയർഷിപ്പ് സാധ്യതകളാണ് നിങ്ങൾ എനിക്ക് നഷ്ട്ടപ്പെടുത്തിയത്. പ്രിവിലേജ്‌ഡായിട്ടുള്ള കുട്ടികളിവിടെ ഇന്റേൺഷിപ്പുകൾ ചെയ്യുന്നു. ഒരുപാട് പേർ മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.
അക്കാദമിക് ആർട്ടിക്കിൾസ് എഴുതുന്നു. പബ്ലിഷ് ചെയ്യുന്നു. നാട്ടിൽ രണ്ട് കൊല്ലം കൊണ്ട് ചെയ്യുന്ന പി.ജി. ഒരു വർഷം കൊണ്ട് ചെയ്തു തീർത്ത സ്ട്രെസ്സ് തീർക്കാൻ യാത്രകൾ ചെയ്യുന്നു. എന്നാൽ കടബാധിതയുള്ളതിനാൽ മര്യാദയ്ക്ക് ഒന്നു വായിക്കാൻ പോലും പറ്റാതെ ഞാനിപ്പോഴും സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു. ഇത് അനീതിയെല്ലാതെ മറ്റെന്താണ്?
കൃത്യമായ തെളിവുകൾ നിരത്തിയിട്ടും നിങ്ങൾ തിരുത്താത്തതും ക്രമക്കേടുക്കൾ കൊണ്ട് കെട്ടിപ്പടുക്കുന്ന ഓരോ നയങ്ങളും എന്നെപ്പോലുള്ളവരുടെ ഭാവിയെയാണ് ഇല്ലാതാക്കുന്നത്. കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന നിങ്ങളുടെ നയം ഒരു പോയിന്റിൽ നിങ്ങൾക്ക് തിരുത്തേണ്ടി വരും. തീർച്ച!!!
തെലങ്കാന റെസിഡെൻഷ്യൽ കോളേജുകളിൽ ഹയർ എഡ്യൂക്കേഷൻ ഫെല്ലോ ആയി വർക്ക് ചെയ്യുന്നതിനിടെ, അതിന്റെ ഇൻഡക്ഷൻ പരിപാടിയിൽ R.S പ്രവീൺ കുമാർ IPS ഞങ്ങളോട് പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തിൽ അതുപോലെ നടന്നതാണ്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ” പ്രിവിലേജുകൾ നിറഞ്ഞ കുട്ടികൾക്കില്ലാത്ത നിരവധി പുഷ് ഫാക്ടേഴ്സ് കൃത്യമായ റിസോഴ്സുകൾ ഇല്ലാത്ത ബാക്ഗ്രൗണ്ടിൽ നിന്ന് വരുന്നവർക്കുണ്ടാകും. കാരണം അവർ തുടങ്ങുന്നത് പൂജ്യത്തിൽ നിന്നാണ് “. അത്തരത്തിൽ പൂജ്യത്തിൽ നിന്ന് തുടങ്ങിയവളാണ് ഞാൻ. ഞാൻ നേരിട്ട വെല്ലുവിളികൾ, മാനസിക സമ്മർദ്ദങ്ങൾ, കഷ്ട്ടപ്പാടുകൾ, എന്റെ കഠിനാധ്വാനം ഇതെല്ലാം എന്റെ lived experience ആണ്. അതിനു പകരം വെക്കാനാകില്ല നിങ്ങളുടെ കോപ്പിലെ നയങ്ങൾ!!!.
നിങ്ങൾക്ക് ആജ്ഞാപിച്ചുള്ള പരിചയമെ ഉള്ളൂ. എന്നാൽ എന്റേത് ജീവിച്ചിട്ടുള്ളതാണ്. സാഡിസ്റ്റുകളായ നിങ്ങൾക്ക് പന്തെറിഞ്ഞു കളിക്കാനുള്ളതല്ല എന്നെ പോലുള്ളവരുടെ ജീവിതം.
ഒരു ബി.പി.എൽ ഫാമിലിയിൽ ജനിച്ചിട്ടും ലോകത്തെ മികച്ച നൂറ്റിനാപ്പത്തിയാറാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു മുസ്ലീം പെൺകുട്ടിയായ ഞാൻ നിങ്ങളെ ഇനി നേരിടുന്നത് കോടതിയിലാണ്. ‘നീതി’ എന്നുള്ള ഒന്ന് ഉണ്ടോ എന്ന് എനിക്കുമൊന്ന് അറിയണം. അല്ലെങ്കിൽ ഞാനുൾപ്പെടുന്നവർ ഒരു ഹിംസാത്മക ഭരണകൂടത്തിന്റെ കീഴിലാണെന്ന് നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും!!
എനിക്ക് വേണ്ടത് ഔദാര്യമല്ല, അവകാശമാണ്!!