ആലപ്പുഴ: തലയ്ക്ക് മുറിവേറ്റ ബാലന്റെ മുടി മാറ്റാതെ സ്റ്റാപ്ളര്‍ അടിച്ച് മുറിവ് കൂട്ടിചേര്‍ത്തതായി പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്. ചികില്‍സയിലെ അനാസ്ഥക്കെതിരെ പിതാവ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്കി. കായംകുളം കൊറ്റുകുളങ്ങര സ്വദേശി നൗഷാദ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
നൗഷാദിന്റെ പത്തുവയസുകാരനായ മകന് മുഹമ്മദ് ഇഹ്സാന്‍ കഴിഞ്ഞ ദിവസം റോഡപകടത്തില്‍ തലക്ക് പരിക്ക് പറ്റി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മുറിവ് വൃത്തിയാക്കുന്നതിനോ തലമുടി മാറ്റി പരിശോധന നടത്തുവാനോ തയാറാകാതെ മുറിവ് കൂട്ടിപിടിച്ചു സ്റ്റാപ്ലര്‍ അടിച്ചു വിടുകയാണുണ്ടായതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.
വീട്ടിലെത്തിയ ഇഹ്സാന്‍ തലവേദന ശക്തമായതിനാല്‍ ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ തലയ്ക്ക് ഉണ്ടായ മുറിവ് ആഴമുള്ളതാണെന്നും ഗുരുതരമാണെന്നും കണ്ടെത്തി. മുടി നീക്കം ചെയ്ത് മുറിവ് വൃത്തിയാക്കി വിദഗ്ധ ചികില്‍സ നടത്തിയത്തിനു ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തനായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.